ക്ലെയർ: അയർലൻഡിൽ കണ്ടെടുത്ത കാട്ടുപൂച്ചയുടെ അസ്ഥികൾക്ക് 5,500 വർഷത്തെ പഴക്കം. ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിൽ നടത്തിയ റേഡിയോകാർബൺ ഡേറ്റിംഗ് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രായപൂർത്തിയായ കാട്ടുപൂച്ചയുടെ 39 അസ്ഥികളാണ് കണ്ടെത്തിയിട്ടുള്ളത്.
അറ്റ്ലാന്റിക് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ആർക്കിയോളജിസ്റ്റ് ഡോ. മരിയോൺ ഗൗഡിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. കൗണ്ടി ക്ലെയറിലെ ബറെണിലുള്ള ഗ്ലെൻകുറാൻ ഗുഹയിൽ നിന്നുമാണ് കാട്ടുപൂച്ചയുടെ അസ്ഥികൾ കണ്ടെടുത്തത്. പൂർണമായും വംശനാശം സംഭവിച്ച ഈ ജീവി വർഗ്ഗം മധ്യ നിയോലിത്തിക് കാലഘട്ടത്തിലായിരിക്കാം ജീവിച്ചിരുന്നത് എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അസ്ഥികളിൽ കൂടുതൽ പരിശോധന തുടരുകയാണ്. അതേസമയം അയർലൻഡിൽ ആദ്യമായിട്ടാണ് കാട്ടുപൂച്ചയുടെ അസ്ഥികണ്ടെടുക്കുന്നത്.

