ഡബ്ലിൻ: ഹോസ്പൈപ്പുകളുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി ജലവ്യവസായ കമ്പനിയായ ഉയിസ് ഐറാൻ. ജലശ്രോതസ്സുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്ന പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. ആറ് ആഴ്ചത്തേയ്ക്ക് ഹോസ്പൈപ്പുകൾ ഉപയോഗിക്കരുതെന്നാണ് ഉയിസ് ഐറാൻ അറിയിക്കുന്നത്.
കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിംഗർ, കൗണ്ടി ഡൊണഗലിലെ മിൽഫോർഡ്, കൗണ്ടി മീത്തിലെ കെൽസ്- ഓൾസ്കാസിൽ എന്നീ പ്രദേശങ്ങളിലാണ് നിരോധനം. പുതിയ നിർദ്ദേശം അടുത്ത ചൊവ്വാഴ്ച മുതൽ നിലവിൽവരും. നിലവിൽ ഈ പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന നദികളിലെയും ജലശ്രോതസ്സുകളിലെയും ജലനിരപ്പിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസമായി രാജ്യത്ത് മഴയുടെ അളവ് വളരെ കുറവാണ്. ഇതിന് പുറമേ കനത്ത ചൂടും അനുഭവപ്പെടുന്നുണ്ട്. ഇതാണ് ജലനിരപ്പ് താഴാൻ കാരണം ആയത് എന്നാണ് വിലയിരുത്തുന്നത്.

