ഡബ്ലിൻ: അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ പാർലമെന്റ് അംഗം( MEP) മരിയ വാൽഷ്. ട്രംപിന്റെ നടപടി ആയിരക്കണക്കിന് വരുന്ന തൊഴിലുകൾക്ക് ഭീഷണിയാകുമെന്ന് മരിയ വാൽഷ് പറഞ്ഞു. ബ്രസൽസിൽ സംസാരിക്കുകയായിരുന്നു എംഇപി.
യുഎസ് സർക്കാർ എങ്ങനെയാണ് താരിഫുകൾ ചുമത്തുക എന്നതിനെക്കുറിച്ച് ഇതുവരെ ധാരണ ലഭിച്ചിട്ടില്ല. ഇത്തരം താരിഫുകൾ അയർലന്റിലെ ചലച്ചിത്ര മേഖലയ്ക്ക് വലിയ ഭീഷണിയാണ്. ആയിരക്കണക്കിന് തൊഴിലുകൾ അപകടത്തിലാകും.
അയർലന്റിന് 1 ബില്യൺ യൂറോയിലധികം വരുമാനം സിനിമാ മേഖലയിൽ നിന്നും ലഭിക്കുന്നുണ്ട്. അതിനാൽ താരിഫ് കനത്ത തിരിച്ചടിയ്ക്ക് കാരണമാകും. ഗ്രാമീണ മേഖലയെ നടപടി സാരമായി ബാധിക്കുമെന്നും മരിയ വാൽഷ് വ്യക്തമാക്കി.