ഡബ്ലിൻ: കുട്ടികൾക്ക് കിടിലിൻ ഓഫറുമായി ഫെറി സർവ്വീസായ സ്റ്റെന ലൈൻ. വിദേശരാജ്യങ്ങളിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികൾക്ക് യാത്ര സൗജന്യമായിരിക്കും. 15 വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് സ്റ്റെന ലൈൻ ഈ ഓഫർ മുന്നോട്ടുവയ്ക്കുന്നത്. റോസ്ലെയർ- ഫിഷ്ഗാർഡ്, ഡബ്ലിൻ- ഹോളിഹെഡ്, ബെൽഫാസ്റ്റ്- കെയർന്രിയാൻ, റോസ്ലെയർ- ചെർബർഗ് റൂട്ടുകളിലാണ് ഓഫറുകൾ ലഭ്യമാകുക.
അടുത്തിടെ ഭീമമായ ചിലവിനെ തുടർന്ന് കുടുംബങ്ങൾ വിദേശയാത്രകൾ കുറയ്ക്കുന്നതായി ലീഗൽ ആന്റ് ജനറലിന്റെ സർവ്വേയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കുട്ടികൾക്ക് സൗജന്യയാത്ര ഒരുക്കാൻ ഫെറി സർവ്വീസ് തീരുമാനിച്ചത്. ഇതോടെ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ലന്റ്, യൂറോപ്പിലെ മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര ചിലവ് കുറയും. 42 ശതമാനം കുടുംബങ്ങളും വിദേശയാത്രയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നാണ് സർവ്വേയിലെ കണ്ടെത്തൽ.
ഓഗസ്റ്റ് 31 ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് എക്കണോമി, ഫ്ളെക്സി കാർ ടിക്കറ്റുകളിൽ ഇളവ് ലഭിക്കും. അടുത്തവർഷം ജനുവരി വരെ ഈ ഓഫർ പ്രയോജനപ്പെടുത്താം. മുതിർന്നവർക്ക് 175 യൂറോ മുതലാണ് ടിക്കറ്റ് വില.

