ജയ്പൂർ: വെറും പതിമൂന്നാമത്തെ വയസ്സിൽ ഐപിഎൽ കരാർ ലഭിക്കുന്ന താരം എന്ന പേരിലാണ് വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനാകുന്നത്. 1.1 കോടി രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസിനെ മറികടന്ന് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ താരം, പതിനാലാം വയസ്സിൽ ഐപിഎൽ സെഞ്ച്വറി നേടി, തന്റെ വരവറിയിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ 35 പന്തിൽ സെഞ്ച്വറി കുറിച്ച താരം ഒരുപിടി റെക്കോർഡുകൾ സ്വന്തം പേരിലാക്കിയാണ് ചരിത്രത്തിലേക്ക് നടന്നുകയറിയിരിക്കുന്നത്.
ഐപിഎൽ ചരിത്രത്തിലെ വേഗതയേറിയ ഹാഫ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. ലീഗിന്റെ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അണ്ടർ 17 താരവും രണ്ടാമത്തെ അണ്ടർ 18 താരവുമാണ് വൈഭവ്. പതിനേഴാം വയസ്സിൽ ഐപിഎൽ അർദ്ധ സെഞ്ച്വറി നേടിയ രാജസ്ഥാന്റെ തന്നെ റിയാൻ പരാഗ്, പതിനെട്ടാം വയസ്സിൽ ഈ നേട്ടം സ്വന്തമാക്കിയ സഞ്ജു സാംസൺ എന്നിവരെയാണ് ഈ നേട്ടത്തോടെ താരം പിന്നിലാക്കിയിരിക്കുന്നത്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് ജയ്പൂരിൽ വൈഭവ് സൂര്യവംശി കുറിച്ചിരിക്കുന്നത്. 31 പന്തിൽ സെഞ്ച്വറി നേടിയ ക്രിസ് ഗെയിലാണ് പട്ടികയിൽ ഒന്നാമൻ. ഐപിഎൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന മനീഷ് പാണ്ഡെയുടെ 16 വർഷം പഴക്കമുള്ള റെക്കോർഡ് ഇതോടെ പഴങ്കഥയായി. പതിനെട്ട് വയസ്സിൽ താഴെ ട്വന്റി 20 സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഇപ്പോൾ വൈഭവിന്റെ പേരിലാണ്. പതിനെട്ടാം വയസ്സിൽ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ തന്നെ വിജയ് സോളിന്റെ റെക്കോർഡും വൈഭവ് തിരുത്തി.
ഐപിഎൽ സെഞ്ച്വറി നേടുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യൻ താരവും ഇപ്പോൾ വൈഭവ് സൂര്യവംശിയാണ്. മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാന് വേണ്ടി 37 പന്തിൽ സെഞ്ച്വറി നേടിയ യൂസഫ് പഠാന്റെ റെക്കോർഡും താരം തകർത്തു. സീനിയർ ടീമിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാതെ ഐപിഎല്ലിൽ ഒരു താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ച്വറിയും ഇപ്പോൾ വൈഭവിന്റെ പേരിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെന്നൈക്കെതിരെ 39 പന്തിൽ സെഞ്ച്വറി നേടിയ പഞ്ചാബ് കിംഗ്സ് താരം പ്രിയാംശ് ആര്യയുടെ റെക്കോർഡും വൈഭവ് മറികടന്നു.
18 വയസ്സ് പൂർത്തിയാകുന്നതിന് മുൻപേ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം എന്ന റെക്കോർഡും ഇപ്പോൾ വൈഭവ് സൂര്യവംശിയുടെ പേരിലാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ മാത്രം 11 സിക്സറുകൾ പറത്തിയ വൈഭവ്, ആകെ 3 ഐപിഎൽ മത്സരങ്ങളിൽ നിന്നായി 16 സിക്സറുകൾ അടിച്ചുകഴിഞ്ഞു. പ്രായപൂർത്തിയാകുന്നതിന് മുൻപേ 5 സിക്സുകൾ വീതം നേടിയ റിയാൻ പരാഗിന്റെയും അഭിഷേക് ശർമ്മയുടെയും റെക്കോർഡുകളും ഇതോടെ വീണു. 18 വയസ്സ് തികയുന്നതിന് മുൻപ് ഐപിഎല്ലിൽ സിക്സടിച്ചത് വെറും 5 താരങ്ങൾ മാത്രമാണ്.
18 വയസ്സ് പൂർത്തിയാകുന്നതിന് മുൻപേ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരവും ഇപ്പോൾ സൂര്യവംശിയാണ്. 2022ൽ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസ് താരം ഡെവാൽഡ് ബ്രെവിസ് പറത്തിയ 5 സിക്സറുകളായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ട്വന്റി 20 ചരിത്രത്തിൽ പത്തിൽ കൂടുതൽ കരിയർ സിക്സുകൾ നേടുന്ന ആദ്യ അണ്ടർ 17 താരവും വൈഭവ് സൂര്യവംശിയാണ്. പതിനഞ്ചാം വയസ്സിൽ 10 സിക്സുകൾ നേടിയ ആയുഷ് അവസ്തിയുടെ പേരിലായിരുന്നു മുൻപ് ഈ റെക്കോർഡ്.
38 പന്തിൽ 101 റൺസുമായി വൈഭവ് സൂര്യവംശി മടങ്ങിയെങ്കിലും 25 പന്തുകൾ ബാക്കി നിൽക്കെ മത്സരം 8 വിക്കറ്റിന് രാജസ്ഥാൻ വിജയിച്ചു. പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ വൈഭവ് സൂര്യവംശി തന്നെയാണ് ഐപിഎൽ ചരിത്രത്തിൽ ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും.