ഡബ്ലിൻ: ആകാശത്തെ അപൂർവ്വ പ്രതിഭാസം കാണാനുള്ള തയ്യാറെടുപ്പ് ആരംഭിച്ച് ആസ്ട്രോണമി അയർലൻഡ്. ഭൂമിയ്ക്ക് ഏറ്റവും അടുത്തായി ശനി എത്തുന്ന അപൂർവ്വ നിമിഷത്തിന് സാക്ഷിയാകാനാണ് ആസ്ട്രോണമി അയർലൻഡ് തയ്യാറെടുക്കുന്നത്. ശനിയെ നിരീക്ഷിക്കാൻ ഭീമൻ ടെലസ്കോപ്പുകൾ സജ്ജീകരിക്കുകയാണ് ആസ്ട്രോണമി അയർലൻഡ്. ഈ വാരാന്ത്യമാണ് ഭൂമിയ്ക്ക് ഏറ്റവും അടുത്തായി ശനി പ്രത്യക്ഷപ്പെടുക.
ശനി ഭൂമിയ്ക്ക് ഏറ്റവും അടുത്തായി വരുന്ന പ്രതിഭാസം ശരാശരി 15 വർഷത്തിൽ ഒരിക്കൽ മാത്രമാണ് സംഭവിക്കുകയെന്ന് ആസ്ട്രോണമി അയർലൻഡ് മാഗസീൻ എഡിറ്ററായ ഡേവിഡ് മൂർ പറഞ്ഞു. അതുകൊണ്ട് തന്നെ ശനിയെ നിരീക്ഷിക്കാൻ വലിയ ടെലസ്കോപ്പ് ആവശ്യമാണ്. ഭീമൻ ടെലസ്കോപ്പുകളിലൂടെ പൊതുജനങ്ങളെ തങ്ങൾ കാണിക്കുന്ന ഏറ്റവും അവിശ്വസനീയമായ കാഴ്ചയായിരിക്കും ശനിയുടേത്. ഇതിൽ സംശയമില്ല. ആകാശത്ത് കാണുന്ന തിളങ്ങുന്ന കുത്തിനെ വളയമുള്ള ഭീമൻ ഗ്ലോബായി ആളുകൾക്ക് മുൻപിൽ എത്തിക്കുമെന്നും മൂർ കൂട്ടിച്ചേർത്തു.

