ഡബ്ലിൻ: അയർലൻഡിൽ അനധികൃതമായി ജോലി ചെയ്യുന്നവർക്കെതിരെ നടപടിയുമായി തൊഴിൽവകുപ്പ്. നിയമം ലംഘിച്ച് അയർലൻഡിൽ തുടരുന്നവരെ കണ്ടെത്താൻ തൊഴിൽവകുപ്പ് വ്യാപക പരിശോധനകൾ നടത്തിവരികയാണ്. ഡബ്ലിൻ അടക്കമുള്ള നഗരങ്ങളിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ മറ്റ് ഭക്ഷണശാലകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.
സമയപരിധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവരെയാണ് പരിശോധനയിലൂടെ പിടികൂടുക. വ്യാജ രേഖകൾ ഉപയോഗിച്ച് രാജ്യത്ത് തുടരുന്നവരും പിടിയിലാകും. തൊഴിൽ പെർമിറ്റ് ലഭിക്കാത്ത പലരും അയർലൻഡിലെ വിവിധ കടകളിലും മറ്റും ജോലി ചെയ്യുന്നതായി അടുത്തിടെ പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പരിശോധന ആരംഭിച്ചത്.
അഭയാർത്ഥികൾക്ക് തൊഴിൽ പെർമിറ്റ് ഇല്ലാതെ ജോലിയിൽ പ്രവേശിക്കാൻ സഹായിക്കുന്ന സംഘങ്ങൾ രാജ്യത്ത് സജീവമാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കുക കൂടി പരിശോധനയുടെ ഭാഗമാണ്.

