ഡബ്ലിൻ: വ്യാജ നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി മൈഗ്രന്റ് നഴ്സസ് അയർലൻഡ് (എംഎൻഐ). വ്യാജ ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരിൽ നിന്നും പണം ഈടാക്കുന്ന ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന് എംഎൻഐ അറിയിച്ചു. ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
തൊഴിൽ റിക്രൂട്ട്മെന്റ് നടത്തുന്ന ഏജൻസികൾ അയർലൻഡിലും റിക്രൂട്ട്മെന്റ് നടത്തുന്ന രാജ്യത്തും രജിസ്റ്റർ ചെയ്യണം എന്നാണ് നിയമം. എന്നാൽ പല ഏജൻസികളും ഇത് പാലിക്കുന്നില്ല. ഇവരാണ് തട്ടിപ്പ് നടത്തുന്നത്. അയർലൻഡിലേക്ക് ജോലിയ്ക്കായി എത്തുന്ന നഴ്സുമാർ നിയമാനുസൃതമായി പണം നൽകേണ്ടതുണ്ട്. എന്നാൽ വ്യാജ ഏജൻസികൾ ഇവരിൽ നിന്നും ഈടാക്കുന്നത് വലിയ തുകയാണ്. 4,000 യൂറോയിലധികം ആയിരിക്കും നഴ്സുമാരിൽ നിന്നും ഇവർ വാങ്ങുന്നത് എന്നും എംഎൻഐ വ്യക്തമാക്കുന്നു.

