ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മരിയ സ്റ്റീനിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ സ്വതന്ത്ര ടിഡിമാർ. ഇതുമായി ബന്ധപ്പെട്ട് നാല് ടിഡിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും. അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മത്സരിക്കാനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയതി നാളെയാണ്. ഈ സാഹചര്യത്തിൽ ടിഡിമാരുടെ തീരുമാനം മരിയ സ്റ്റീനിന് വളരെ നിർണായകമാണ്.
കഴിഞ്ഞ ദിവസം ഡിടിമാരിൽ നിന്നും മരിയ പിന്തുണ തേടിയിരുന്നു. ഇതോടെയാണ് നാല് ടിഡിമാർ മരിയയ്ക്ക് പിന്തുണ നൽകാനുള്ള ആലോചനയിൽ എത്തിയത്. ഒയിറിയാച്ച്ടാസിലെ 12 അംഗങ്ങൾ ഇതിനകം സ്റ്റീന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പുവെച്ചിട്ടുണ്ട്. രണ്ട് പേർ കൂടി ഇന്ന് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് അവോണ്ടുവിന്റെ നേതാവ് പീഡാർ തോയിബിൻ വ്യക്തമാക്കുന്നത്. എന്നാൽ അദ്ദേഹം അവരുടെ പേര് പറഞ്ഞില്ല.
സ്വതന്ത്ര ടിഡിമാരുടെ പിന്തുണ കൂടി ലഭിച്ചാൽ 18 പേരുടെ പിന്തുണ മരിയയ്ക്ക് ലഭിക്കും. 20 പേരുടെ പിന്തുണയാണ് നാമനിർദ്ദേശം നൽകാൻ സ്ഥാനാർത്ഥിയ്ക്ക് ആവശ്യം.

