ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഭിഭാഷക മരിയ സ്റ്റീനിന് ആവശ്യം മൂന്ന് പേരുടെ നാമനിർദ്ദേശം. ഇതുവരെ 17 പേരുടെ പിന്തുണ മരിയയ്ക്ക് ലഭിച്ചു. ഇന്നലെ ഇൻഡിപെൻഡന്റ് അയർലൻഡ് പാർട്ടിയുടെ ടിഡിമാരിൽ നിന്നും മറ്റ് സ്വതന്ത്ര ടിഡിമാരിൽ നിന്നുമുള്ള പിന്തുണ മരിയയ്ക്ക് ലഭിച്ചു. നാമനിർദ്ദേശം നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ ഇനിയുള്ള മണിക്കൂറുകൾ മരിയയ്ക്ക് നിർണായകമാണ്. ഒയിറിയാച്ച്ടാസിലെ 20 അംഗങ്ങൾ അല്ലെങ്കിൽ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിന്തുണച്ചാൽ മാത്രമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയ്ക്ക് മത്സരിക്കാൻ കഴിയുക.
അവസാന മണിക്കൂറുകളിൽ പിന്തുണയ്ക്കായി ടിഡിമാരുമായി മരിയയും നേതാക്കളും ചർച്ച നടത്തിവരികയാണ്. ഇതിന്റെ ഫലമായി 18ാമത്തെ ടിഡിയിൽ നിന്നുള്ള പിന്തുണ സംബന്ധിച്ച് ധാരണമായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ടിഡി ഇതുവരെ മരിയയുടെ നാമനിർദ്ദേശത്തിൽ ഒപ്പുവച്ചിട്ടില്ല. 20 നാമനിർദ്ദേശങ്ങൾ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മരിയ.

