ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദ്യാർത്ഥികൾക്ക് നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടവകാശം ഉള്ള എല്ലാ വിദ്യാർത്ഥികളും വോട്ടർ രജിസ്റ്ററിൽ പേരുണ്ടോയെന്ന് പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അടുത്ത മാസം 7 വരെ വിദ്യാർത്ഥികൾക്ക് വോട്ട് ചെയ്യാനായി രജിസ്റ്റർ ചെയ്യാം.
വിദ്യാർത്ഥികൾ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകുന്നത് പ്രോത്സാഹിപ്പിക്കാനായി കോളേജുകൾ തോറും കമ്മീഷൻ ക്യാമ്പയ്നുകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനറൽ ഇലക്ഷന് ശേഷം 60,000 പുതിയ വോട്ടർമാർ ഉണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഇവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ക്യാമ്പയ്ൻ. ലിമെറിക്ക് യൂണിവേഴ്സിറ്റിയിൽ ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ ക്യാമ്പസുകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കും.

