ഡബ്ലിൻ: ഓൺ വീഡിയോ ചാറ്റിംഗ് സേവനമായ സ്കൈപ്പിന് തിരശ്ശീലയിട്ട് മൈക്രോസോഫ്റ്റ്. ഇന്ന് മുതൽ സ്കൈപ്പിന്റെ സേവനം അവസാനിപ്പിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു.
നൂതന സോഷ്യൽ മീഡിയ സേവനങ്ങളിലേക്ക് മൈക്രോസോഫ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് സ്കൈപ്പിന്റെ സേവനം നിർത്തലാക്കുന്നത്. ഉടൻ തന്നെ സ്കൈപ്പിന്റെ സേവനം നിർത്തലാക്കുമെന്ന് കമ്പനി ഫെബ്രുവരിയിൽ സൂചന നൽകിയെങ്കിലും മറ്റ് വിവരങ്ങൾ കൂടുതലായി പുറത്തുവിട്ടിരുന്നില്ല.
മൈക്രോ സോഫ്റ്റിന്റെ ടീംസ് ആരംഭിച്ചതിന് ശേഷം സ്കൈപ്പ് ഉപേക്ഷിച്ച് ആളുകൾ ഇതിലേക്ക് ചേക്കേറുകയാണ്. സ്കൈപ്പ് നിർത്തലാക്കുന്നതോടെ ടീംസിലേക്ക് കൂടുതൽ ശ്രദ്ധപതിപ്പിക്കുകയും കമ്പനിയുടെ ലക്ഷ്യമാണ്.
2003 ൽ ആണ് സ്കൈപ്പ് സേവനം ആരംഭിച്ചത്. സ്കാൻഡിനേവിയക്കാരായ നിക്ലാസ് സെൻസ്ട്രോമും ജാനസ് ഫ്രൈസും ചേർന്നാണ് സ്കൈപ്പ് സ്ഥാപിച്ചത്. പിന്നീട് 2005ൽ ഇവരിൽ നിന്നും ഈബേ ഇത് വാങ്ങി. 2009 ൽ ഈബേ ഇത് മൈക്രോസോഫ്റ്റിന് വിൽക്കുകയായിരുന്നു.

