ഡബ്ലിൻ: അയർലണ്ടിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. രാജ്യത്ത് താപനിലയിൽ ഇനിയും വർദ്ധനവ് ഉണ്ടാകുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ബുധനാഴ്ച രാജ്യത്തെ താപനില 25 ഡിഗ്രി സെൽഷ്യസ് പിന്നിട്ടിരുന്നു. വരും ദിവസങ്ങളിലും ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടാനാണ് സാദ്ധ്യതയെന്നും അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്നും മെറ്റ് ഐറാൻ അറിയിച്ചു.
ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനാരോഗ്യവകുപ്പും ജനങ്ങൾക്കായി നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. പുറത്തിറങ്ങുമ്പോൾ പ്ലാൻസ്പെക്ട്രം സൺസ്ക്രീൻ ഉപയോഗിക്കണം. തൊപ്പിയും സൺഗ്ലാസും ധരിക്കണമെന്നും നിർദ്ദേശമുണ്ട്. കാട്ടു തീ ഉൾപ്പെടെ പടരാൻ സാദ്ധ്യതയുള്ളതിനാൽ മറ്റ് അനുബന്ധ വകുപ്പുകളും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

