കോർക്ക്: കോർക്കിലെ ബ്ലാക്ക് വാട്ടർ നദിയിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊന്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഇൻലാൻഡ് ഫിഷറീസ് അയർലൻഡ്. ഇതുവരെ നടത്തിയ പരിശോധനയിൽ ബാക്ടീരിയൽ അണുബാധ സ്ഥിരീകരിക്കുന്ന കണ്ടെത്തലുകൾ ഉണ്ടായിട്ടില്ല. സംഭവത്തിൽ വിശദമായ പരിശോധന തുടരുകയാണെന്നും ഐഫ്ഐ വ്യക്തമാക്കി. മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഐഫ്ഐയുടെ പ്രതികരണം.
മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ ഇതുവരെ ബാക്ടീരിയ അണുബാധയുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. വൈറോളജി ഫലങ്ങൾ ലഭിക്കാൻ ഈ മാസം അവസാനമാകും. എൻവിരോൻമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും ആശ്വാസകരമാണെന്നും ഐഎഫ്ഐ വ്യക്തമാക്കി.

