ഡബ്ലിൻ: നഗരത്തിൽ ഡ്രോൺ ഡെലിവറി വ്യാപിപ്പിക്കാനുള്ള മന്ന എയർ ഡെലിവറിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി പ്രദേശവാസികളുടെ പ്രതിഷേധം. ഡ്രോൺ ഡെലിവറി വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രദേശവാസികളുടെ നിലപാട്. ഡബ്ലിൻ 14 ലെ ഡൺട്രമിൽ ഡ്രോൺ ഡെലിവറി ഹബ്ബ് ആരംഭിക്കാനുള്ള മന്നയുടെ പദ്ധതിയാണ് ഇതോടെ പ്രതിസന്ധിയിലായത്.
കഴിഞ്ഞ ദിവസം ഹോളി ക്രോസ് പള്ളിയുടെ പിൻഭാഗത്ത് ഏരിയൽ ഡെലിവറി ഹബ്ബിനായുള്ള പദ്ധതിയുടെ വിശദാംശങ്ങൾ മന്ന ഡ്രോൺസ് ലിമിറ്റഡ് ഡൺ ലാവോഘെയർ റാത്ത്ഡൗൺ കൗണ്ടി കൗൺസിലിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എതിർപ്പ് ശക്തമായത്. നിലവിൽ ഡബ്ലിൻ 15 ൽ മന്നയുടെ സഹായത്തോടെ ഡെലിവ്രൂവിന്റെ ഡ്രോൺ ഡെലിവറി സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത് എന്ന് പ്രദേശവാസികൾ വ്യക്തമാക്കി. ഇതിനോടകം തന്നെ 77 ലധികം പരാതികൾ മന്ന എയർ ഡെലിവറിയ്ക്കെതിരെ പ്രദേശവാസികൾ നൽകിയിട്ടുണ്ട്.

