ഡബ്ലിൻ: കാട്ടുതേനീച്ചകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഗവേഷണത്തിൽ ഗവേഷകരുടെ സംഘത്തെ നയിക്കാൻ അയർലന്റിലെ ഗവേഷകർ. ഫ്രീ- ബീ (FREE-B ) എന്ന പേരിൽ അരംഭിച്ച ഗവേഷണത്തിനാണ് അയർലന്റ് നേതൃത്വം നൽകുന്നത്. ഫ്രാൻസ്, പോളണ്ട്, പോർച്ചുഗൽ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഗവേഷണത്തിലെ മറ്റ് പങ്കാളികൾ.
യൂണിവേഴ്സിറ്റി ഓഫ് ഗാൽവെയിലെ സ്കൂൾ ഓഫ് നാച്യുറൽ സയൻസ് മേധാവി പ്രൊഫസർ ഗ്രേസ് മക്കൊമാക് ആണ് ഫ്രീ- ബിയുടെ കോർഡിനേറ്റർ. ഭൂമിയിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവജാലമാണ് കാട്ടുതേനീച്ച. എന്നാൽ അടുത്തിടെ നടത്തിയ അന്വേഷണത്തിൽ അയർലന്റ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിൽ ഇവ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഇവയുടെ സംരക്ഷണം ലക്ഷ്യമിട്ട് ഗവേഷണം ആരംഭിക്കുന്നത്. 2015 മുതൽ കാട്ടുതേനീച്ചകളുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് അയർലന്റ് വലിയ പ്രാധാന്യം നൽകിവരുന്നുണ്ട്.