ഡബ്ലിൻ: അയർലൻഡിന്റെ ആദ്യ ഉപഗ്രഹ ദൗത്യം വിജയം. ഉപഗ്രഹം ഭൂമിയ്ക്ക് ചുറ്റും പരിക്രമണ ദൗത്യം പൂർത്തിയാക്കി. ക്യൂബ്സാറ്റായ EIRSAT-1 ആണ് വിജയകരമായി ദൗത്യം പൂർത്തിയാക്കിയത്.
2023 ഡിസംബറിൽ ആയിരുന്നു EIRSAT-1 ന്റെ വിക്ഷേപണം. കാലിഫോർണിയയിലെ വാൻഡൻബർഗ് എയർഫോഴ്സ് ബേസിൽ നിന്നും സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ ആയിരുന്നു ഉപഗ്രഹം വിക്ഷേപിച്ചത്. ദൗത്യം വിജയകരമായതോടെ ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ് അയർലൻഡ്.
ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളാണ് ഉപഗ്രഹം രൂപകൽപ്പന ചെയ്തത്. 12 കോസ്മിക് ഇവന്റുകൾ കണ്ടെത്താൻ ഇതിനോടകം തന്നെ ഉപഗ്രഹത്തിന് സാധിച്ചു. പരിക്രമണം വിജയകരമായി പൂർത്തിയാക്കിയതോടെ ദിവസങ്ങൾക്കുള്ളിൽ ഉപഗ്രഹം ഭ്രമണപഥത്തിൽ നിന്നും പിൻവാങ്ങും.

