ഡബ്ലിൻ: ഗാസയ്ക്കായി അന്താരാഷ്ട്ര സഖ്യകക്ഷികൾക്കൊപ്പം കൈകോർത്ത് അയർലൻഡ്. ഗാസയ്ക്കായുള്ള സഹായങ്ങൾക്ക് ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയിൽ അയർലൻഡിനായി വിദേശകാര്യമന്ത്രി സൈമൺ ഹാരിസ് ഒപ്പുവച്ചു. ഗാസയിൽ പട്ടിണിമരണങ്ങൾ വർദ്ധിക്കുന്നതിനിടെയാണ് രാജ്യങ്ങളുടെ നീക്കം.
അയലൻഡ്, ബ്രിട്ടൻ, ഓസ്ട്രേലിയ, ഉൾപ്പെടെ 24 രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്. ഗാസയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യൂറോപ്യൻ വിദേശകാര്യമന്ത്രിമാരുമായി സൈമൺ ഹാരിസ് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംയുക്ത പ്രസ്താവന പുറത്തുവന്നത്.
ഗാസയിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തലത്തിലേക്ക് ഉയർന്നതായി പ്രസ്താവനയിൽ പറയുന്നു. ഞങ്ങളുടെ കൺമുൻപിൽ പട്ടിണി മാത്രമാണ്. ഗാസയുടെ വിശപ്പ് അകറ്റാൻ കർശന നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിലുണ്ട്.

