ഡബ്ലിൻ: അയർലന്റിൽ വരും ദിവസങ്ങളിൽ ചൂടിന് ആശ്വാസമുണ്ടാകുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഞായറാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കും. അതുവരെ തെളിഞ്ഞ കാലാവസ്ഥ തുടരുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
ഇന്ന് ചൂട് കൂടിയ കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. പലഭാഗങ്ങളിലും താപനില 20 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് താപനില കുറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 16 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
പകൽ സമയം ചൂട് കൂടിയ കാലാവസ്ഥയാണെങ്കിലും രാത്രിയിൽ ഇതിൽ മാറ്റം ഉണ്ടാകും. വൈകുന്നേരങ്ങളിൽ ചെറിയ തോതിൽ കാറ്റിന് സാദ്ധ്യതയുണ്ട്. അന്തരീക്ഷ താപനില 7 മുതൽ 3 ഡിഗ്രിവരെ കുറയാമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച പകൽ സമയങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടാം. ഞായറാഴ്ച പകൽ സമയം താപനില 15 മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെയാകും രേഖപ്പെടുത്തുകയെന്നും മെറ്റ് ഐറാൻ അറിയിച്ചു.

