ഡബ്ലിൻ: ഫിയന്ന ഫെയിലിന് പ്രസിഡന്റ് സ്ഥാനാർത്ഥിയെ നഷ്ടമായതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായി മൈക്കിൾ മാർട്ടിൻ. സംഭവിച്ച കാര്യങ്ങൾ പാർട്ടിയിലെ നിരവധി അംഗങ്ങൾക്ക് വേദനയുണ്ടാക്കി. ഇത് തുറന്ന് സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനാർത്ഥി ജിം ഗാവിന്റെ പിന്മാറ്റത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാർട്ടിയെ സംബന്ധിച്ച് ഏറ്റവും ദുഷ്കരമായ നിമിഷം ആയിരുന്നു ഉണ്ടായത്. മുൻ കാലങ്ങളിലും നാം ദുഷ്കരമായ സമയങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. പാർട്ടി നേതാവെന്ന നിലയിൽ തനിക്കും കടമ്പകൾ ഏറെയായിരുന്നു. ഈ നിമിഷം ഒരിക്കലും താൻ ആഗ്രഹിച്ചതല്ല. പിൻവാങ്ങാനുള്ള തീരുമാനം ജിമ്മിന്റെ ആയിരുന്നുവെന്നും മൈക്കിൾ മാർട്ടിൻ കൂട്ടിച്ചേർത്തു.

