ഡബ്ലിൻ: അയർലൻഡിൽ റെസിഡെൻഷ്യൽ പ്രോപ്പർട്ടികളുടെ വിലക്കയറ്റത്തിന്റെ തോത് കുറഞ്ഞു. ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ വിലയിൽ 7.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഈ ഉയർച്ച വളരെ കുറവാണ്. ഈ വർഷം ജൂലൈവരെ വളർച്ചയുടെ തോത് മാറ്റമില്ലാതെ തുടർന്നു.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകളാണ് വീടുകൾ ഉൾപ്പെടെയുള്ള താമസസ്ഥലങ്ങളുടെ വിലക്കയറ്റത്തിന്റെ തോത് കുറഞ്ഞതായി വ്യക്തമാക്കുന്നത്. ഈ വർഷം ഓഗസ്റ്റിൽ ഡബ്ലിന് പുറത്തുള്ള പ്രോപ്പർട്ടി വിലകൾ മുൻ വർഷത്തെ അപേക്ഷിച്ച് 9.2 ശതമാനം കൂടുതലാണെന്ന് സിഎസ്ഒയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഡബ്ലിനിൽ ഈ വർധനവ് 5.3 ശതമാനം ആണ്. നിലവിലെ കണക്കുകൾ പ്രകാരം ഡബ്ലിനിലെ വീടുകളുടെ വില 5.2% വർദ്ധിച്ചപ്പോൾ അപ്പാർട്ടുമെന്റുകളുടെ വില 5.6% വർദ്ധിച്ചു. ഡബ്ലിൻ സിറ്റിയിലാണ് വീടുകളുടെ വിലക്കയറ്റം നന്നായി പ്രതിഫലിച്ചത്. ഡബ്ലിന് പുറത്ത്, ഓഗസ്റ്റിൽ വീടുകളുടെ വില 9.1% ഉം അപ്പാർട്ടുമെന്റുകളുടെ വില 9.6% ഉം വർദ്ധിച്ചു.

