ഡബ്ലിൻ: യൂറോപ്യൻ യൂണിയന് മേലുള്ള അമേരിക്കയുടെ താരിഫ് അയർലന്റിലെ ബജറ്റിനെ പ്രതികൂലമായി ബാധിക്കുമെന്ന സൂചന നൽകി സർക്കാർ. നിയന്ത്രിത ബജറ്റാകും ഇക്കുറി സർക്കാർ ജനങ്ങൾക്ക് മുൻപിൽ വയ്ക്കുകയെന്നാണ് സൂചന. ഓഗസ്റ്റ് 1 മുതൽ യൂറോപ്യൻ യൂണിയന് മേൽ 30 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം.
അമേരിക്കയുടെ താരിഫ് അയർലന്റിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്ന് സാമ്പത്തിക വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ നേതാക്കൾക്ക് വലിയ ആശങ്കയും ഉണ്ട്. അതുകൊണ്ട് തന്നെ ഇക്കുറി ജനപ്രിയ ബജറ്റ് ആയിരിക്കില്ല ഉണ്ടായിരിക്കുക.
ഒറ്റത്തവണ പേയ്മെന്റുകളടക്കമുള്ള ബജറ്റ് നടപടികൾ ഒഴിവാക്കുമെന്ന് നേരത്തെ തന്നെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിയന്ത്രിത ബജറ്റ് ആകും ഇക്കുറിയെന്ന് മന്ത്രി നീൽ റിച്ച്മണ്ടും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പൂർണ്ണ ബോദ്ധ്യത്തോടെയാകും ബജറ്റ് തയ്യാറാക്കുകയെന്ന് ഗതാഗതമന്ത്രി ദാര ഒ ബ്രയനും ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

