ഡബ്ലിൻ: അയർലൻഡിൽ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചു. ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് തൊഴിലാളികളുടെ എണ്ണം 2.8 ദശലക്ഷം കവിഞ്ഞു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക് ഓഫീസിന്റെ ഏറ്റവും പുതിയ ലേബർ ഫോഴ്സ് സർവ്വേ പ്രകാരം ഈ വർഷം രണ്ടാം പാദത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ 2.3 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് പുതിയ 63,900 തൊഴിലാളികൾ ഉണ്ടായി. ഇതോടെയാണ് ആകെ തൊഴിലാളികളുടെ എണ്ണം 2.82 ദശലക്ഷമെന്ന സംഖ്യ കടന്നത്. എന്നാൽ ഇതിൽ 49,200 പേർ കുടിയേറ്റ തൊഴിലാളികൾ ആണ്. രാജ്യത്ത് തൊഴിലാളികളുടെ ആവശ്യം വർദ്ധിച്ചതാണ് കുടിയേറ്റക്കാർക്ക് കൂടുതൽ തൊഴിൽ നൽകാൻ പ്രേരണയായത്.
അയർലൻഡിലെ തൊഴിൽ സമയവും വർദ്ധിച്ചിട്ടുണ്ട്. ആഴ്ചയിൽ ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം 1.6 ദശലക്ഷം വർദ്ധിച്ച് 88.9 ദശലക്ഷമായി. താമസ, ഭക്ഷണ സേവന പ്രവർത്തനങ്ങൾ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ ഓരോന്നിലും 3 ലക്ഷം മണിക്കൂർ കുറവ് രേഖപ്പെടുത്തി.

