ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് കാലാവധി ദീർഘമായി നീളുന്ന പശ്ചാത്തലത്തിൽ നിർദ്ദേശവുമായി സോഷ്യൽ ഡെമാക്രാറ്റ്സ് ടിഡി. ഡ്രൈവിംഗ് ടെസ്റ്റുകൾ കൃത്യമായി നടത്തിയില്ലെങ്കിൽ റോഡ് സുരക്ഷ അതോറിറ്റി പിഴ ഈടാക്കണമെന്ന് ടിഡി ജെന്നിഫർ വിറ്റ്മോർ പറഞ്ഞു. കഴിഞ്ഞ മാസം ഡ്രൈവിംഗ് ടെസ്റ്റ് ബാക്ക്ലോജ് റെക്കോർഡ് ഉയരത്തിൽ എത്തിയിട്ടും ആർഎസ്എ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാഷണൽ കാർ ടെസ്റ്റിന് സമാനമായ രീതിയിൽ 10 ആഴ്ചയ്ക്കുള്ളിൽ ടെസ്റ്റുകൾ പൂർത്തീകരിച്ചില്ലെങ്കിൽ പിഴ ചുമത്തണം. 83000 ആളുകളാണ് കഴിഞ്ഞ 27 ആഴ്ചയായി ഡ്രൈവിംഗ് ടെസ്റ്റിന് കാത്തിരിക്കുന്നത്. ചില ടെസ്റ്റിംഗ് സെന്ററുകളിൽ കാത്തിരിപ്പ് സമയം ശരാശരി 43 ആഴ്ചയാണ്. ഒരുപാട് പേരുടെ ജീവിതത്തെ ഇത് ബാധിക്കുന്നുണ്ട്.
എൻസിടി പ്രകാരം നിശ്ചിത സമയത്തിനുള്ളിൽ ഡ്രൈവിംഗ് ടെസ്റ്റ് പൂർത്തിയായില്ലെങ്കിൽ ടെസ്റ്റ് സൗജന്യം ആയിരിക്കും. അതുപോലെ ഇവിടെയും വേണം. 10 ആഴ്ചയ്ക്കുള്ളിൽ ടെസ്റ്റുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ സൗജന്യമായി പൂർത്തീകരിക്കാൻ അനുവദിക്കണം എന്നും അദ്ദേഹം പറഞ്ഞു.

