ആൻഡ്രിം: കൗണ്ടി ആൻഡ്രിമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജയന്റ്സ് കോസ്വേ നാശത്തിന്റെ വക്കിൽ. പാറകൾക്കിടയിലെ വിള്ളലുകളിൽ സന്ദർശകർ നാണയങ്ങൾ നിക്ഷേപിക്കുന്നതാണ് പ്രദേശത്തെ പ്രതികൂലമായി ബാധിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇവിടെയെത്തുന്നവർ പാറകൾക്കിടയിൽ നാണയങ്ങൾ ഇടരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.
യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലമാണ് ഇവിടം. പാറകൾ കൊണ്ട് നടപ്പാത തീർത്ത ഇവിടെ ദിനം പ്രതി നിരവധി പേരാണ് സമയം ചിലവിടാൻ എത്താറുള്ളത്. ഈ പാറകൾക്കിടയിലെ വിള്ളലുകളിൽ നാണയം തിരുകിയാൽ വളരെ നല്ലതാണെന്നാണ് ഇവിടെ എത്തുന്നവരുടെ വിശ്വാസം.
ഇത്തരത്തിൽ ഇവർ ഇടുന്ന നാണയങ്ങൾ തുരുമ്പെടുക്കുകയും വികസിക്കുകയും ചെയ്യുന്നു. ഇത് ചുറ്റുമുള്ള പാറയിൽ സമ്മർദ്ദം ചെലുത്തുകയും ക്രമേണ പാറ പൊടിഞ്ഞ് പോകാൻ കാരണം ആകുകയും ചെയ്യും. നിലവിൽ ഇവിടെയുള്ള നാണയങ്ങൾ നീക്കം ചെയ്യാൻ 30,000 യൂറോ വേണ്ടിവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

