ഡബ്ലിൻ: അടുത്ത നാലാഴ്ചയ്ക്കുള്ളിൽ 12,000 രക്തദാനങ്ങൾ കൂടി വേണമെന്ന ആവശ്യവുമായി ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവ്വീസ് (ഐബിടിഎസ്). ഭൂരിഭാഗം രക്തഗ്രൂപ്പുകളുടെയും സ്റ്റോക്ക് മൂന്ന് ദിവസത്തിൽ താഴെയായി കുറഞ്ഞ പശ്ചാത്തലത്തിലാണ് ഐബിടിഎസ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രക്തം സ്റ്റോക്കില്ലെങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
വരും ആഴ്ചകളിൽ നിരവധി ശസ്ത്രക്രിയകൾ നിശ്ചയിച്ചിട്ടുണ്ട്. രക്തം സ്റ്റോക്കില്ലെങ്കിൽ ഇതെല്ലാം മാറ്റിവയ്ക്കേണ്ട സ്ഥിതി ആശുപത്രികൾക്ക് ഉണ്ടാകും. ഇത് രോഗികളുടെ ജീവന് തന്നെ ആപത്താകും.
കഴിഞ്ഞ് രണ്ട് മാസങ്ങളിലും രക്ത ശേഖരണം നടത്തിയിട്ടുണ്ടെന്ന് ഐബിടിഎസ് സർവീസ് ഡയറക്ടർ ഓഫ് ഡോണർ സർവീസസ് ആൻഡ് ലോജിസ്റ്റിക്സ് പോൾ മക്കിന്നി പറഞ്ഞു. എന്നാൽ ആശുപത്രികളിൽ രക്തത്തിന് ഉയർന്ന ആവശ്യകത ഉണ്ടായി. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ രക്തശേഖരണത്തെ ബാധിച്ചു. അതുകൊണ്ട് തന്നെ നിലവിലെ പ്രതിസന്ധി മറികടക്കാൻ സഹായം ആവശ്യമാണെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

