ഡബ്ലിൻ: കോവിഡ് 19 ന്റെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട് അയർലൻഡ് ജനതയ്ക്ക് മുന്നറിയിപ്പുമായി ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവ് (എച്ച്എസ്ഇ). കോവിഡ് 19 രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് എച്ച്എസ്ഇ അധികൃതർ മുന്നറിയിപ്പ് നൽകി.
നിലവിൽ കോവിഡിന്റെ എക്സ്എഫ്ജി വകഭേദമാണ് രാജ്യത്ത് പടരുന്നത്. കഴിഞ്ഞ ആഴ്ച മാത്രം 461 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഏറിയ പങ്കും ഡബ്ലിനിൽ ആയിരുന്നു. ഡബ്ലിനിൽ 108 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കോർക്കിൽ 47 കേസുകളും ലിമെറിക്കിൽ 34 കേസുകളും റിപ്പോർട്ട് ചെയ്തു. ഗാൽവെയിൽ 33 കോവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത്.
പനി, വരണ്ട ചുമ, ക്ഷീണം, മണവും രുചിയും നഷ്ടമാകുക, മൂക്കൊലിപ്പ്, കണ്ണ് ചുവക്കൽ, തൊണ്ട വേദന, തല വേദന, പേശീ വേദന, ചർമ്മത്തിലെ തിണർപ്പുകൾ, ഛർദ്ദി, ഓക്കാനം, വയറിളക്കം, തണുപ്പ് അനുഭവപ്പെടൽ, തലകറക്കം, വിശപ്പില്ലായ്മ, ശ്വാസ തടസ്സം, നെഞ്ച് വേദന എന്നീ ലക്ഷണങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്. ലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ഐസലോഷനിൽ പോകണം. ആവശ്യമെങ്കിൽ വൈദ്യസഹായം തേടണമെന്നും എച്ച്എസ്ഇ നിർദ്ദേശിച്ചു.

