ഡബ്ലിൻ: ബാങ്കിന്റെ പേരിലുള്ള ഡിജിറ്റൽ തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലന്റ്. ഫോണിലേയ്ക്ക് വരുന്ന വ്യാജ സന്ദേശങ്ങളോടും ഫോൺ കോളുകളോടും പ്രതികരിക്കരുതെന്ന് ബാങ്ക് അറിയിച്ചു. പണം സുരക്ഷിത അക്കൗണ്ടുകളിലേക്ക് മാറ്റാമെന്ന് പറഞ്ഞാണ് തട്ടിപ്പു സംഘം ബാങ്കിന്റെ പേരിൽ ഉപഭോക്താക്കളെ കബളിപ്പിക്കുക.
കഴിഞ്ഞ ദിവസം സേഫ് അക്കൗണ്ട് തട്ടിപ്പിന് ഇരയായവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആയിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ബാങ്ക് രംഗത്ത് എത്തിയത്. എസ്എംഎസ്, വാട്സ് ആപ്പ്, ഫോൺ കോൾ എന്നിവ വഴിയാകും തട്ടിപ്പ് സംഘം ഉപഭോക്താക്കളുമായി ബന്ധപ്പെടുക.
നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആയിരിക്കുന്നുവെന്ന സന്ദേശം ആദ്യം തട്ടിപ്പ് സംഘം ഫോണുകളിലേക്ക് അയക്കും. ശേഷം നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാൻ ആവശ്യപ്പെടും. ബാങ്ക് ഓഫ് അയർലന്റിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ആയിരിക്കും സന്ദേശം.
ഇത് വിശ്വസിച്ച് നമ്പറിലേക്ക് വിളിച്ചാൽ ഒരാൾ ഫോൺ എടുത്ത് ബാങ്കിലെ ഉദ്യോഗസ്ഥൻ ആണെന്ന തരത്തിൽ സംസാരിക്കും. ശേഷം പണം മറ്റൊരു സുരക്ഷിതമായ അക്കൗണ്ടിലേക്ക് മാറ്റിയിടാൻ ആവശ്യപ്പെടും. ഇങ്ങനെയാണ് തട്ടിപ്പ് സംഘം പണം കൈക്കലാക്കുന്നത്.

