ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ ഹൗസിംഗ് എസ്റ്റേറ്റിലെ താമസക്കാരുടെ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായ സംഭവത്തിൽ പ്രതികരിച്ച് വന്യജീവി വിദഗ്ധർ. വന്യജീവികളുടെ ആക്രമണം ആയിരിക്കാം വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കിയതെന്ന് വിദഗ്ധർ പറഞ്ഞു. പ്രദേശത്തെ താമസക്കാരുടെ 40 ഓളം കാറുകൾക്കാണ് കേടുപാടുകൾ ഉണ്ടായത്. ഇവയുടെ അറ്റകുറ്റപ്പണികൾക്കായി ഉടമകൾക്ക് പതിനായിരക്കണക്കിന് യൂറോ ചിലവാകുകയും ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റിലാണ് കാറുകൾക്ക് നേരെയുള്ള ആക്രമണം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പ്രദേശവാസിയായ കാറുടമ വാഹനത്തിന്റെ ലൈറ്റുകൾ ഓൺ ആക്കിയപ്പോൾ കത്തിയിരുന്നില്ല. ഇതേ തുടർന്ന് പരിശോധിച്ചപ്പോൾ വയറുകൾ അറ്റ നിലയിൽ ആയിരുന്നു. ഇതിന് പിന്നാലെ വയറുകൾ ആരോ മുറിച്ചെന്ന പരാതിയുമായി പ്രദേശവാസികൾ ഒന്നടങ്കം രംഗത്ത് എത്തി. കുറുക്കന്മാരാണ് വയറുകൾ കടിച്ച് നശിപ്പിക്കുന്നത് എന്നാണ് വന്യജീവി വിദഗ്ധരുടെ വിലയിരുത്തൽ.

