മുട്ടുവേദന , എല്ലുകളുടെ തേയ്മാനം , നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവ മുൻപ് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായിരുന്നു. എന്നാൽ ഇന്ന് അത് പ്രായഭേദമന്യേ ചെറുപ്പക്കാർക്കിടയിലും സാധാരണമാണ്. 25 നും 30 നും ഇടയിൽ പ്രായമുള്ളവരിൽ പോലും ഇന്ന് എല്ലുകളുടെ ബലക്കുറവ് സാധാരണമാണ് . ജീവിതശൈലി, വ്യായാമ കുറവ് , ശരീരഭാരം എന്നിവയാണ് ഇതിന് കാരണമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത് .
ശരീരത്തിന് ശരിയായ രീതിയിൽ വ്യായാമം ലഭിക്കുന്നില്ലെങ്കിൽ ചുറ്റുമുള്ള പേശികൾ ദുർബലമാകും . കാൽമുട്ടിൽ കൂടുതൽ സമ്മർദ്ദത്തിനും ഇത് കാരണമാകും . ഇത് വഴി തരുണാസ്ഥി തകരാറിലാവുകയും വേദന അനുഭവപ്പെടുകയും ചെയ്യും. അമിതവണ്ണമുള്ളവരിലാണ് പൊതുവേ മുട്ടുവേദന ശക്തമാകാറുള്ളത് . ചിരട്ടയിലെ അടിയിലെ തരുണാസ്ഥികളിലെ തേയ്മാനമാണ് ഇതിന് കാരണം . ആർത്തവവിരാമം, അസ്ഥിക്ഷയം , പേശികൾ എന്നിവയിലെ തകരാറുകൾ എല്ലാം സ്ത്രീകളിൽ മുട്ടുവേദനയ്ക്ക് കാരണമാകാറുണ്ട്. മുട്ടുവേദന കുറയ്ക്കാൻ ഒരു പരിധി വരെ ബ്രേസുകൾ സഹായിക്കും.
കാൽമുട്ടിന് സംരക്ഷണം നൽകാൻ ഇടുന്ന പ്രത്യേക ഉറകളാണ് ബ്രേസുകൾ . ഇവ മുട്ടിനെ കഠിനമായ വേദനയിൽ നിന്ന് സംരക്ഷിക്കുന്നു. പെട്ടെന്നുള്ള മുട്ടുവേദന കുറയ്ക്കായി ഐസ്ക്യൂബുകൾ തുണിയിൽ കെട്ടി വേദനയുള്ള ഭാഗത്ത് വയ്ക്കുന്നത് ഫലപ്രദമാണ് . അതുപോലെ തന്നെ ഹോട്ട് ബാഗുകളും വേദനയ്ക്ക് ശമനം നൽകും. വേദനയുടെ കാരണം കണ്ടെത്തിയുള്ള ചികിത്സയാണിതിനുള്ള ശാശ്വത പരിഹാരം . അസ്ഥിരോഗവിദഗ്ധനെയോ , ഫിസിക്കൽ മെഡിസിൻ സ്പെഷ്യലിസ്റ്റിനെയോ കണ്ട് ചികിത്സ തേടാവുന്നതാണ്. എക്സ്റേ, എം ആർ ഐ സ്കാൻ എന്നിവ വഴി മുട്ടുവേദനയുടെ കാരണം കണ്ടെത്താവുന്നതാണ്.
കാൽമുട്ട് വേദന മാറ്റാൻ ചില പരിഹാരങ്ങൾ
അമിതഭാരം കുറയ്ക്കാം
ശരീരത്തിലെ അമിതഭാരം സമ്മർദ്ദം നൽകുന്നത് കാൽമുട്ടിനായത് കൊണ്ട് തന്നെ വെയ്റ്റ് കുറയ്ക്കുന്നത് മുട്ടുവേദന കുറക്കാനും സഹായിക്കും
വ്യായാമം
പതിവായി വ്യായാമം ചെയ്യുന്നതും,മുട്ടിന് ആവശ്യമായ ചലനം ഉണ്ടാകുന്നതും മുട്ടുവേദനയ്ക്ക് ശമനം നൽകും . നീന്തൽ , നടത്തം , സൈക്ലിംഗ് ഇവയൊക്കെ പരിശീലിക്കാവുന്നതാണ് .

