ബെംഗളൂരു : കോവിഡ് വാക്സിന് ഹൃദ്രോഗവുമായി ബന്ധമില്ലെന്ന് ഐസിഎംആർ . കർണാടകയിലെ ഹാസൻ ജില്ലയിൽ ഒരു മാസത്തിനുള്ളിൽ 20-ലധികം പേർ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. അവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരായിരുന്നു. ഹൃദ്രോഗം മൂലം ഇത്രയധികം മരണങ്ങൾ പെട്ടെന്ന് സംഭവിച്ചത് കോവിഡ് വാക്സിന്റെ പ്രത്യാഘാതം മൂലമാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് ഐസിഎംആർ ഹൃദ്രോഗവുമായി കോവിഡ് വാക്സിന് ബന്ധമില്ലെന്ന് വ്യക്തമാക്കിയത്.
സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് ആദ്യം കോവിഡ് വാക്സിനിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചത് .അതുകൊണ്ട് തന്നെ ഇതുസംബന്ധിച്ച റിപ്പോർട്ടും ഐസിഎംആർ അവതരിപ്പിച്ചിട്ടുണ്ട് . വാക്സിനേഷനുശേഷം വർദ്ധിച്ചുവരുന്ന ഹൃദയാഘാതവും ഹൃദയസ്തംഭനവും സംബന്ധിച്ച കേസുകൾ ഐസിഎംആർ, എയിംസ് എന്നിവയുൾപ്പെടെ നിരവധി മെഡിക്കൽ സ്ഥാപനങ്ങൾ പഠിച്ചിട്ടുണ്ട്. ഹൃദയാഘാതവും കോവിഡ് വാക്സിനും തമ്മിൽ യാതൊരു ബന്ധവും കണ്ടെത്തിയിട്ടില്ലെന്ന് ഐസിഎംആറിന്റെ ഗവേഷണം പറയുന്നു. വാക്സിൻ സുരക്ഷിതമാണെന്നും ഗുരുതരമായ പാർശ്വഫലങ്ങളൊന്നുമില്ലെന്നും ഐസിഎംആർ പറഞ്ഞു.
ഹൃദയാഘാതം മൂലമുള്ള പെട്ടെന്നുള്ള മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാൻ ഐസിഎംആറും എൻസിഡിസിയും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട് . ഇതുവരെ രണ്ട് പഠനങ്ങൾ ഇവരിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. 2023 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കോവിഡ് വാക്സിൻ പെട്ടെന്നുള്ള മരണ സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ രണ്ടാമത്തെ പഠനത്തിൽ, കോവിഡ് വാക്സിൻ ഹൃദ്രോഗവുമായി ബന്ധപ്പെട്ടതല്ലെന്നും ഐസിഎംആർ പറഞ്ഞിട്ടുണ്ട്. മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണശീലങ്ങളും മൂലമാണ് ഹൃദ്രോഗം സംഭവിക്കുന്നത്.
‘ കൊറോണ വൈറസ് ബാധിച്ചവർക്ക് ഈ വൈറസ് കാരണം സൈലന്റ് മയോകാർഡിറ്റിസ് ഉണ്ടാകുന്നു. ഇതുമൂലം ഹൃദയപേശികളിൽ വീക്കം ഉണ്ടാകുന്നു, ഇത് കാലക്രമേണ ഗുരുതരമാകും. വൈറസ് കാരണം, ചിലരുടെ ഹൃദയത്തിൽ ബ്ലോക്കുകൾ രൂപം കൊള്ളുന്നു. ഇത് ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ കാരണമാകും ‘ – എന്നാണ് ഡൽഹിയിലെ രാജീവ് ഗാന്ധി ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർ അജിത് ജെയിൻ പറയുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹൃദയാഘാതം മൂലമുള്ള മരണങ്ങൾക്ക് പിന്നിലെ കാരണം ശരീരത്തിൽ രക്തം കട്ടപിടിക്കുന്നതാണ് എന്ന് ഡോക്ടർ ജെയിൻ പറയുന്നു. പല രോഗികളിലും ഈ പ്രശ്നങ്ങൾ കണ്ടിട്ടുണ്ട്. ഏത് പ്രായത്തിലും രക്തം കട്ടപിടിക്കുന്നത് ഉണ്ടാകാമെന്നതും പ്രാരംഭ ലക്ഷണങ്ങളൊന്നും ദൃശ്യമാകില്ലെന്നതുമാണ് ആശങ്കാജനകമായ കാര്യം. പുറമേ നിന്ന് നോക്കുമ്പോൾ ഒരാൾ ആരോഗ്യവാനാണെന്ന് തോന്നിയാലും, അവർക്കും ഈ പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ട്.
കോവിഡ് വൈറസ് മൂലമാണ് രക്തം കട്ടപിടിക്കുന്ന ഈ പ്രശ്നം ഉണ്ടാകുന്നതെന്ന് ഡോക്ടർ ജെയിൻ പറയുന്നു. വാക്സിനും ഹൃദ്രോഗവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഒരു ഗവേഷണത്തിലും ഇത് കണ്ടെത്തിയിട്ടില്ല.ഇതിനുപുറമെ, ഹൃദ്രോഗ കേസുകൾ വർദ്ധിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെന്ന് ഡോക്ടർ ജെയിൻ പറയുന്നു.
മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, ജങ്ക് ഫുഡ് കഴിക്കുന്ന പ്രവണത എന്നിവ ഇതിൽ ഉൾപ്പെടുന്നു, പുകവലിയും ഒരു വലിയ അപകട ഘടകമാണ്. കോവിഡ് വാക്സിൻ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഐസിഎംആറും ഡിജിഎച്ച്എസും (ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്) വ്യക്തമാക്കിയിട്ടുണ്ടെന്ന് അജിത് ജെയിൻ പറയുന്നു

