ഒരു കാലത്ത് രാജ്യത്തിന് തന്നെ മാതൃകയായിരുന്ന സംസ്ഥാനത്തെ ആരോഗ്യ മേഖല പരാധീനതകളുടെ നടുവിൽ ചക്രശ്വാസം വലിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പരിഷ്കരണങ്ങൾക്കും അവയെ മുൻനിർത്തിയുള്ള പി ആർ വർക്കുകൾക്കും പിന്നാലെ അധികാരികൾ പായാൻ തുടങ്ങിയതോടെ, പാവപ്പെട്ടവന്റെ അത്താണിയായിരുന്ന സർക്കാർ ആശുപത്രികൾ, വിശിഷ്യ മെഡിക്കൽ കോളേജുകൾ വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. ഒളിഞ്ഞും തെളിഞ്ഞും പലരും പലവട്ടം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴൊക്കെയും, കണക്കിലെ അവകാശവാദങ്ങൾ നിരത്തി നമ്പർ വൺ എന്ന് മേനി നടിക്കാനും വിമർശകരെ പുലഭ്യം പറഞ്ഞും സംസ്ഥാന വിദ്രോഹികളാക്കി ചിത്രീകരിച്ച് ഒറ്റപ്പെടുത്താനുമാണ് അധികൃതർ ശ്രമിച്ചത്.
ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും പരസ്യമായി ചൂണ്ടിക്കാട്ടി ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കൽ രംഗത്ത് വന്നത്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന് അടക്കം മാറ്റിവെയ്ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്കാന് ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില് മുന്പില് നില്‍ക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
എന്നാൽ, അദ്ദേഹത്തിനെതിരെ ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന നയമാണ് ആരോഗ്യ വകുപ്പും ഉദ്യോഗസ്ഥ വൃന്ദവും സ്വീകരിച്ചത്. ഡോക്ടറുടേത് വൈകാരിക പ്രതികരണമാണെന്നും മൊത്തം സംവിധാനത്തെ നാണം കെടുത്താന്‍ വേണ്ടി പോസ്റ്റിട്ടതാകാമെന്നുമായിരുന്നു ഡിഎംഇയുടെ പ്രതികരണം. മുഖ്യമന്ത്രിയും സമാനമായ രീതിയിൽ അദ്ദേഹത്തിനെതിരെ പ്രതികരിച്ചിരുന്നു. അതേസമയം, താൻ ഉന്നയിച്ച കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും ഡിപ്പാര്‍ട്ട്മെന്റ് മേധാവി ആയതുമുതല്‍ അധികാരികളോട് വിഷയം സംസാരിച്ചിരുന്നുവെന്നും പലപ്പോഴും സമ്മര്‍ദമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തിൽ സർക്കാരും ആരോഗ്യ വകുപ്പും പ്രതിക്കൂട്ടിൽ നിൽക്കുന്ന സമയത്താണ് വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് കൂട്ടിരിപ്പുകാരിയായിരുന്ന ബിന്ദു എന്ന വീട്ടമ്മ മരിച്ചതും മറ്റ് രണ്ടുപേർക്ക് പരിക്കേറ്റതും. രാവിലെ 11 മണിയോടെയാണ് 14-ാം വാർഡിൻ്റെ അടച്ചിട്ട ശുചിമുറിയുടെ ഭാഗം ഇടിഞ്ഞ് വീണത്. എന്നാൽ അപ്പോഴും മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജും മന്ത്രി വി എൻ വാസവനും. അപകടം നടന്നത് ഉപയോഗിക്കാതിരിക്കുന്ന ഭാഗത്താണെന്നും ആളപായം ഉണ്ടാകാൻ സാധ്യതയില്ലെന്നും ഇവർ ആധികാരികമായി പറയുകയായിരുന്നു.
എന്നാൽ, മന്ത്രിമാരുടെ പ്രസ്താവന തള്ളി രോഗികളും കൂട്ടിരിപ്പുകാരും മാധ്യമങ്ങളിലൂടെ പ്രതികരണം രേഖപ്പെടുത്താൻ തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ട് പോയി. തകർന്ന് വീണ ഭാഗത്തെ ശുചിമുറി തങ്ങൾ ഉപയോഗിച്ചിരുന്നുവെന്ന് ഇവർ വ്യക്തമാക്കി. ഇതിനിടെ, കുളിക്കാൻ പോയ തന്റെ അമ്മയെ കാണാനില്ലെന്ന് ചികിത്സയിൽ കഴിയുന്ന പെൺകുട്ടി ആവർത്തിച്ച് വിലപിച്ചതോടെ, രണ്ട് മണിക്കൂറിന് ശേഷം, പകൽ ഒരു മണിയോടെ മാത്രമാണ് രക്ഷാപ്രവർത്തനവും തിരച്ചിലും ഊർജ്ജിതമാക്കാൻ തീരുമാനമായത്. ഇതിനെ തുടർന്ന് 1.15 ഒടെ, തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ബിന്ദുവിന്റെ ശരീരം രക്ഷാപ്രവർത്തകർ കണ്ടെടുക്കുകയായിരുന്നു.
ബിന്ദു മരണപ്പെട്ടു എന്നറിഞ്ഞതോടെ മന്ത്രിമാർക്കും ആശുപത്രി അധികൃതർക്കുമെതിരെ ജനരോഷം അണപൊട്ടിയൊഴുകി. യാഥാർത്ഥ്യം മനസ്സിലാക്കുന്നതിന് മുൻപേ, ആരും അപകടത്തിൽ പെട്ടില്ല എന്ന തരത്തിൽ മന്ത്രിമാർ നടത്തിയ പ്രതികരണങ്ങളാണ് രകഷാപ്രവർത്തനം രണ്ട് മണിക്കൂറോളം വൈകിപ്പിച്ചതെന്ന് ആരോപണം ഉയർന്നും. മന്ത്രിമാരുടെ ഉദാസീനത നിമിത്തം നഷ്ടമായ വിലപ്പെട്ട ആ രണ്ട് മണിക്കൂറുകൾ ഫലപ്രദമായി വിനിയോഗിച്ചിരുന്നെങ്കിൽ ഒരു പക്ഷേ തങ്ങളുടെ അമ്മയെ ജീവനോടെ കിട്ടുമായിരുന്നു എന്ന് ബിന്ദുവിന്റെ ബന്ധുക്കൾ വിലപിച്ചു.
സംസ്ഥാനത്തെ ആരോഗ്യ രംഗം ഊതിവീർപ്പിച്ച കണക്കുകളാൽ സമ്പന്നമാണ് എന്ന ആരോപണം നേരത്തേ തന്നെ നിലവിലുണ്ട്. സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നില്ല എന്നത് വസ്തുതയാണ്. ആരോഗ്യ വകുപ്പിൽ നിരവധി തസ്തികകളിൽ ആളില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പലപ്പോഴും ഡോക്ടർമാർക്ക് അമിത ജോലി ഭാരമാണ്. നേഴ്സുമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും ഒഴിവുകൾ പി എ സ് സി വഴി നികത്തുന്നതിന് പകരം, രാഷ്ട്രീയക്കാരുടെ ശുപാർശയിൽ വരുന്ന താത്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് സർക്കാർ ആശുപത്രികൾ ഇന്ന് നിലനിൽക്കുന്നത്.
കൊവിഡ് കാലത്ത് ദീർഘകാലം പ്രതിദിന കേസുകളിൽ കേരളം രാജ്യത്ത് ഒന്നാമതായിരുന്നു. കൊവിഡ് മരണ നിരക്കിലും കേരളം മുൻ പന്തിയിൽ ഉണ്ടായിരുന്നു. വാക്സിൻ എടുത്ത ശേഷവും പേവിഷബാധ മൂലം ആളുകൾ മരണപ്പെടുന്ന കേസുകൾ വർദ്ധിച്ചതും വിവാദമായിരുന്നു. വലിയ തോതിൽ വാക്സിൻ വിരുദ്ധത പ്രചരിപ്പിക്കപ്പെട്ട ഇടങ്ങളിൽ ഡിഫ്തീരിയ പോലുള്ള രോഗങ്ങൾ പടർന്ന് പിടിച്ചതും വാർത്തയായിരുന്നു. വീട്ടിലെ പ്രസവം പോലെയുള്ള അശാസ്ത്രീയ പ്രവർത്തനങ്ങൾ മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യങ്ങളും സംസ്ഥാനത്തെ ആരോഗ്യ- ബോധവത്കരണ സംവിധാനങ്ങളുടെ പാളിച്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

