സമീപകാല വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് അഹമ്മദാബാദിൽ നടന്നതെന്ന് റിപ്പോർട്ട്. ജീവനക്കാർ ഉൾപ്പെടെ 242 പേരുമായി ലണ്ടനിലേക്ക് പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം ജനവാസ മേഖലയിൽ തകർന്ന് വീഴുകയായിരുന്നു. ദുരന്തത്തിൽ മുന്നൂറിനടുത്ത് ആളുകൾ കൊല്ലപ്പെട്ടിരിക്കാം എന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ നൽകുന്ന വിവരം.
അഹമ്മദാബാദിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ്, ലണ്ടനിലെ ഗാട്വിക്ക് വിമാനത്താവളം ലക്ഷ്യമാക്കി യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം തകർന്ന് വീണത്. ഹോസ്റ്റലിൽ അപ്പോൾ ഉച്ചഭക്ഷണ സമയമായിരുന്നു. ഇതാണ് മരണസംഖ്യ ഉയരാൻ കാരണം.
വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ ഒഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടതായാണ് വിവരം. സീറ്റ് നമ്പർ 11എയിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടത്. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം വലിയ ശബ്ദം കേട്ടു. ഉടൻ തന്നെ എമർജൻസി വാതിൽ വഴി ഇയാൾ രക്ഷപ്പെടുകയായിരുന്നു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 40 വയസ്സുകാരനായ രമേഷ് വിശ്വാസ്കുമാർ ആണ് രക്ഷപ്പെട്ട യാത്രക്കാരൻ. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വിജയ് രൂപാണിയും വിമാനത്തിൽ ഉണ്ടായിരുന്നു. അദ്ദേഹവും കൊല്ലപ്പെട്ടതായാണ് വിവരം.
‘ടേക്ക് ഓഫിന് ശേഷം 30 സെക്കൻഡിനുള്ളിൽ വലിയ ശബ്ദത്തോടെ വിമാനം തകർന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. ബോധം വരുമ്പോൾ എനിക്ക് ചുറ്റും ചിതറി തെറിച്ച ശരീരങ്ങളായിരുന്നു. ഭയന്ന് പോയ ഞാൻ എഴുന്നേറ്റ് ഓടി. ചുറ്റുപാടും വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറി കിടക്കുന്നുണ്ടായിരുന്നു. ആരോ എന്നെ പിടിച്ച് നിർത്തി ആംബുലൻസിൽ കിടത്തി ആശുപത്രിയിൽ എത്തികുകയായിരുന്നു.‘ ഇപ്രകാരമാണ് രമേഷ് വിശ്വാസ്കുമാറിന്റെ മൊഴിയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിൽ തന്റെ ഒപ്പം സഹോദരൻ അജയും ഉണ്ടായിരുന്നു. അവനെ പിന്നീട് കണ്ടില്ലെന്നും രമേഷ് പറയുന്നു.
വിമാന യാത്രികർക്കും ജീവനക്കാർക്കും പുറമേ പ്രദേശവാസികളും കൊല്ലപ്പെട്ടിട്ടുള്ളതായി അഹമ്മദാബാദ് പോലീസ് മേധാവി ജി എസ് മാലിക് പറഞ്ഞു. ഡി എൻ എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നത്. ദുരന്തം നടന്ന സ്ഥലത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം തകർന്ന കെട്ടിടാവശിഷ്ടങ്ങളും ചിതറി കിടക്കുകയാണ്. കെട്ടിടത്തിന്റെ മുകളിൽ കുടുങ്ങിയ നിലയിലാണ് വിമാനത്തിന്റെ പിൻഭാഗം.
പ്രായപൂർത്തിയായ 217 പേർക്കൊപ്പം 11 കുട്ടികൾ, 2 കൈക്കുഞ്ഞുങ്ങൾ എന്നിവരായിരുന്നു വിമാനത്തിലെ യാത്രക്കാർ. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും 7 പേർ പോർച്ചുഗീസുകാരും ഒരാൾ കനേഡിയൻ പൗരനുമാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
നിലവിൽ ഉപയോഗത്തിലുള്ള അത്യാധുനിക വിമാനമായ ബോയിംഗ് 787-8 ഡ്രീംലൈനർ ആണ് തകർന്ന് വീണത്. 2011 മുതൽ വാണിജ്യപരമായി ഉപയോഗത്തിലുള്ള യാത്രാവിമാനമാണ് ഡ്രീംലൈനർ. ഇത് ആദ്യമായാണ് ഇത്തരം ഒരു വിമാനം തകർന്ന് വീഴുന്നത്. 2013ൽ ആദ്യ പറക്കലിന് ശേഷം 2014 ജനുവരിയിലാണ് ഈ വിമാനം എയർ ഇന്ത്യക്ക് ലഭിക്കുന്നത്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.39നായിരുന്നു വിമാനം ടേക്ക് ഓഫ് ചെയ്തത്. പറന്നുയർന്നയുടൻ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്ന മെയ്ഡേ കാൾ വിമാനത്തിൽ നിന്നും ലഭ്യമായി. തുടർന്ന് ഒരു പ്രതികരണവും ഇല്ലാതെ ദുരന്തം സംഭവിക്കുകയായിരുന്നു എന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലെ എയർ ട്രാഫിക് കണ്ട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
വിമാനം തകർന്ന് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാണ്. വിമാനം പറന്നുയർന്ന ശേഷവും അതിന്റെ ലാൻഡിംഗ് ഗിയർ താഴ്ന്ന് തന്നെ ഇരുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നതായി അന്താരാഷ്ട്ര വ്യോമയാന വിദഗ്ധർ നിരീക്ഷിക്കുന്നു. തകർന്ന് വീഴുന്ന സമയത്ത് വിമാനം റൺവേയിലേക്ക് ലാൻഡ് ചെയ്യുന്നതിന് സമാനമായ സ്ഥിതിയിലായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഉത്പാദന രംഗത്തും സുരക്ഷാ നിലവാരമില്ലായ്മയുടെ പേരിലും സമീപകാലത്ത് ഏറെ പഴികേട്ട ബോയിംഗിന്റെ ഓഹരികൾ ദുരന്തം നടന്നതിന് പിന്നാലെ 5 ശതമാനം ഇടിഞ്ഞു. ദുരന്തത്തിൽ ഇന്ത്യൻ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ഇന്ത്യൻ സംഘത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ബ്രിട്ടൺ അറിയിച്ചു. അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾക്കായി സാങ്കേതിക വിദഗ്ധരെ ഉടൻ ഇന്ത്യയിലേക്ക് അയക്കുമെന്ന് അമേരിക്കയും വ്യക്തമാക്കി.
അഹമ്മദാബാദ് വിമാന ദുരന്തം രാജ്യത്തെ നടുക്കിയതായും ദുരന്തം ഹൃദയഭേദകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അത്യന്തം വേദനാജനകമാണ് സാഹചര്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ പ്രതികരിച്ചു. ചാൾസ് രാജാവ് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്ന് ബക്കിംഗ്ഹാം കൊട്ടാരത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിമാനം തകർന്ന് വീഴുന്ന സമയത്ത് ചോർന്ന ഒന്നേകാൽ ലക്ഷം ലിറ്റർ ഇന്ധനം ദുരന്തത്തിലെ ആൾനാശം കൂട്ടാൻ കാരണമായെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
2020ൽ കോഴിക്കോട് വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിന് ശേഷം ഇന്ത്യയിൽ ഉണ്ടാകുന്ന ആദ്യ വിമാനാപകടമാണ് അഹമ്മദാബാദിലേത്. 2020 ഓഗസ്റ്റ് ഏഴിന് ദുബായിൽ നിന്നും കോഴിക്കോടേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് 1344, ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി ഉണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് അകപ്പെട്ട ഇന്ത്യക്കാരെ തിരികെ നാട്ടിൽ എത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായിരുന്ന ബോയിംഗ് 727-8എച്ച് ജി വിമാനമായിരുന്നു അന്ന് അപകടത്തിൽ പെട്ടത്.
കനത്ത മഴയും കാറ്റും കാരണം രണ്ട് ലാൻഡിംഗ് ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് മൂന്നാം ശ്രമത്തിൽ വിമാനം റൺവേ നമ്പർ 10ൽ ഇറങ്ങിയെങ്കിലും തെന്നിമാറി തകരുകയായിരുന്നു. അന്ന്, അപകടം നടന്നയുടൻ ജീവനക്കാർക്ക് എഞ്ചിൻ ഓഫ് ചെയ്യാനുള്ള സാവകാശം ലഭിച്ചതിനാൽ വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചിരുന്നു. വിമാനത്തിൽ ആകെ 184 യാത്രക്കാരും 2 പൈലറ്റുമാരും 4 കാബിൻ ക്രൂവും ഉൾപ്പെടെ 190 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 110 പേർക്ക് പരിക്കേറ്റിരുന്നു.

