കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ എന്ന പേരിൽ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ തണുത്ത പ്രതികരണം. കർണാടകയിലും ബംഗാളിലും ചില ഒറ്റപ്പെട്ട പ്രതിഷേധ സമരങ്ങൾ അരങ്ങേറി എന്നതൊഴിച്ചാൽ മറ്റിടങ്ങളിൽ സമരം യാതൊരുവിധ ചലനങ്ങളും ഉണ്ടാക്കിയില്ല. സർക്കാർ, സ്വകാര്യ ഓഫീസുകൾ പതിവ് പോലെ പ്രവർത്തിച്ചു. ബിഹാറിൽ ഇൻഡി സഖ്യം ആഹ്വാനം ചെയ്ത ബന്ദിൽ അങ്ങിങ്ങ് അക്രമങ്ങൾ ഉണ്ടായെങ്കിലും, പോലീസ് അക്രമികളെ കൃത്യമായി കൈകാര്യം ചെയ്തതോടെ ക്രമസമാധാന പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ അവസാനിച്ചു.
എന്നാൽ, കേരളത്തിലെ സ്ഥിതി നേരെ മറിച്ചായിരുന്നു. ഒരു നാട് ഒന്നടങ്കം ദീർഘകാലത്തെ ശ്രമഫലമായി നേടിയെടുത്ത സകല പുരോഗതിയെയും കേവലം സെക്കൻഡുകൾ കൊണ്ട് എങ്ങനെ നൂറ്റാണ്ടുകൾ പിന്നോട്ടടിക്കാം എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് അരങ്ങേറിയ സംഘടിത ഗുണ്ടായിസം. പണിമുടക്കിനെതിരായ മാറുന്ന കാലത്തിന്റെ സമീപനം വ്യക്തമാക്കി, ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിൽ ധാരാളമായി ജനങ്ങളും വാഹനങ്ങളും നിരത്തിലിറങ്ങി. സ്വകാര്യ. ചെറുകിട മേഖലകളിൽ പണിയെടുക്കുന്നവരും, ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നതിനാൽ സർക്കാർ സർവീസിലുള്ള ഒരു വിഭാഗവും ജോലിക്കെത്തി. ഇത് തങ്ങൾക്ക് ക്ഷീണമാകുമെന്ന ഭ്രാന്തൻ ധാരണയുടെ പുറത്ത് നേതാക്കൾ അണികളെ തെരുവിലേക്ക് തുടലൂരി വിട്ടതോടെ കേരളം സമാനതകളില്ലാത്ത തിണ്ണമിടുക്കിന് സാക്ഷ്യം വഹിച്ചു. അപൂർവ്വം ചിലയിടങ്ങളിലൊഴികെ പോലീസ് നിഷ്ക്രിയത്വം പാലിച്ചതോടെ, ജനാധിപത്യത്തിനോ പ്രതിപക്ഷ ബഹുമാനത്തിനോ യാതൊരു സ്ഥാനവുമില്ലാത്ത ചില പ്രാകൃത മതരാഷ്ട്രങ്ങളിലും സ്വേച്ഛാധിപത്യ രാജ്യങ്ങളിലും അരങ്ങേറുന്നതിന് സമാനമായ ചെയ്തികൾക്ക് കേരളത്തിലെ തെരുവുകളും സാക്ഷിയായി.
സർക്കാർ ആശുപത്രികളിൽ മരുന്ന് എത്തിക്കുന്ന കൊല്ലം പത്തനാപുരത്തെ ഔഷധി ഗോഡൗണിൽ ജോലിക്ക് എത്തിയ വനിതാ ജീവനക്കാരിയെ സമരക്കാർ ഭീഷണിപ്പെടുത്തി. മറ്റൊരു ഔഷധി ജീവനക്കാരനെ ഗുണ്ടാ മോഡലിൽ ഭീഷണിപ്പെടുത്തിയ സമരക്കാർ അയാൾക്ക് നേരെ അസഭ്യവർഷം ചൊരിയുകയും കൈയ്യേറ്റം നടത്തുകയും ചെയ്തു. കൊല്ലം നഗരത്തിലും തിരുവനന്തപുരം കാട്ടാക്കടയിലും സർവീസ് നടത്തിയ കെ എസ് ആർ ടി സി ബസിലെ കണ്ടക്ടർമാരെ സമരാനുകൂലികൾ മർദ്ദിച്ചു. പത്തനംതിട്ടയിൽ സമരക്കാരെ പേടിച്ച് കെ എസ് ആർ ടി സി ഡ്രൈവർ ഹെൽമെറ്റ് ധരിച്ച് ബസ് ഓടിക്കേണ്ടുന്ന ഗതികേട് വന്നു. കെ എസ് ആർ ടി സി ജീവനക്കാർ സമരത്തിൽ പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്ന മന്ത്രി ഗണേഷ് കുമാറിന്റെ വാക്ക് വിശ്വസിച്ച ജീവനക്കാർക്ക് ലഭിച്ചത് സമരക്കാരുടെ വക തല്ലും അസഭ്യവർഷവുമാണ്.
ആയൂരിൽ സമരത്തെ തുടർന്ന് പോസ്റ്റ് ഓഫീസ് പൂട്ടി ഇറങ്ങിയ താത്കാലിക ജീവനക്കാരനെ സമരക്കാർ പരസ്യമായി റോഡിലിട്ട് തല്ലി. തൊഴിലാളി അവകാശങ്ങൾക്ക് വേണ്ടി എന്ന പേരിൽ സമരം ചെയ്തവർ തൊഴിലാളികളെ പരസ്യമായി തല്ലുന്നതിന് പോലീസ് മൂകസാക്ഷിയായി. കോഴിക്കോട് മുക്കത്ത് കട തുറന്ന മത്സ്യത്തൊഴിലാളിയെ മനുഷ്യത്വരഹിതമായി ഭീഷണിപ്പെടുത്തിയ നേതാക്കൾ, കട പൂട്ടിയില്ലെങ്കിൽ മത്സ്യം മണ്ണെണ്ണയൊഴിച്ച് നശിപ്പിക്കുമെന്ന് വെല്ലുവിളിച്ചു. മിക്കയിടങ്ങളിലും ആശുപത്രികളിലേക്ക് പോകാൻ ഇറങ്ങിയവർ പോലും പെരുവഴിയിലായി.
തിരുവനന്തപുരം തമ്പാനൂരിലെ കെ എസ് ആർ ടി സി സ്റ്റാൻഡിലെ ശൗചാലയം പോലും സമരത്തെ തുടർന്ന് അടഞ്ഞ് കിടന്നു. പ്രാഥമിക കർമ്മങ്ങൾ പോലും നിഷേധിച്ച ഈ നടപടി മനുഷ്യത്വത്തിന്റെ സകല മര്യാദകളും ലംഘിക്കുന്നതായിരുന്നു. ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷനിൽ ജോലിക്ക് എത്തിയവരെ സമരക്കാർ ബലം പ്രയോഗിച്ച് ഇറക്കി വിട്ടു. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനെ തല്ലി. സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കി വെച്ച ഭക്ഷണം വിതരണം ചെയ്യാൻ അനുവദിച്ചില്ല. അരുവിക്കരയിൽ സമരക്കാർ ജീവനക്കാരെ സ്കൂളിനകത്താക്കി പുറത്ത് നിന്ന് ഗേറ്റ് പൂട്ടി. പോലീസ് എത്തിയാണ് ജീവനക്കാരെ പുറത്തിറങ്ങാൻ അനുവദിച്ചത്.
കണ്ണൂർ ശ്രീകണ്ഠാപുരം നെടുങ്ങോം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരുടെ കാറുകളുടെ കാറ്റ് സമരക്കാർ അഴിച്ചുവിട്ടു. കളക്ടറേറ്റിൽ ജോലിക്കെത്തിയ ജീവനക്കാരെയും സമരക്കാർ ഭീഷണിപ്പെടുത്തി. ഇടുക്കിയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞതോടെ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ പെരുവഴിയിലായി. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗികളെയും കൊണ്ട് സൗജന്യ സേവനത്തിന് വന്ന ജീപ്പിന് സമരക്കാർ കേടുപാടുകൾ വരുത്തി. ബേപ്പൂർ കോർപ്പറേഷൻ ഓഫീസിലെ ജീവനക്കാർക്കും സൂപ്രണ്ടിനും സമരക്കാരുടെ മർദ്ദനമേറ്റു. കൊച്ചിയിലും അങ്കമാലിയിലും ജോലിക്കെത്തിയ ജീവനക്കാർക്ക് നേരെ അസഭ്യവർഷം നടന്നു.
മലപ്പുറം മഞ്ചേരിയിൽ വാഹനങ്ങൾ തടഞ്ഞ സമരക്കാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. കൊല്ലം കൊട്ടാരക്കരയിൽ വാഹനങ്ങൾ തടഞ്ഞ സമരക്കാർ താക്കോലുകൾ ഊരിക്കൊണ്ട് പോയി. സ്വകാര്യ ബാങ്കിലെ മാനേജരെയും വനിതാ ജീവനക്കാരെയും നടുറോഡിൽ ഇറക്കി നിർത്തി അസഭ്യവർഷം നടത്തി. കുമളിയിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥനെ സമരക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു. കൊല്ലത്ത് പോസ്റ്റ് ഓഫീസ് പൂട്ടിക്കാൻ വന്ന സമരക്കാരനെ പോലീസ് തടഞ്ഞ് തിരിച്ചയച്ചു.
ജനാധിപത്യ രാജ്യത്ത് പണിമുടക്കാൻ അവകാശമുള്ളത് പോലെ തന്നെ പണിമുടക്കിൽ പങ്കെടുക്കാതിരിക്കാനും പണിയെടുക്കാനും അവകാശമുണ്ടെന്ന വസ്തുത സമരക്കാർക്ക് അറിയാമായിരുന്നിട്ടും അവർ അത് അവഗണിച്ചു. നിർബന്ധിത സമരങ്ങൾക്കെതിരെയുള്ള കോടതി വിധികളെ പോലും സമരക്കാർ കാറ്റിൽ പറത്തി. ഇത്തരത്തിൽ ഉന്നത നേതാക്കളുടെ നേതൃത്വത്തിൽ കൊടിയേന്തിയ ഗുണ്ടാ സംഘം തെരുവിൽ കൊലവിളി മുഴക്കി, ജനങ്ങളെ പരമാവധി ദ്രോഹിച്ചും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ലംഘിച്ചും അട്ടഹസിച്ച് നടന്നപ്പോഴും സമരക്കാരെ അനുകൂലിക്കുന്ന പ്രസ്താവനകളുമായി മന്ത്രിമാരും മുതിർന്ന നേതാക്കളും രംഗത്ത് വന്നത് നാട് നേരിടുന്ന ദുർവിധിയുടെ നേർച്ചിത്രമായി.

