സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഏട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥയുടെ ഇരുണ്ട ഓർമ്മകൾക്ക് അൻപത് വയസ് തികയുന്നു. 1975 ജൂൺ 25ന് പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ, 1977 മാർച്ച് 21 വരെ നീണ്ടുനിന്നു. ആഭ്യന്തര പ്രശ്നങ്ങളെ നിയന്ത്രിക്കാൻ എന്ന പേരിൽ ഭരണഘടനയുടെ അനുച്ഛേദം 352 പ്രകാരം പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ, രാജ്യത്തിന്റെ നൈതിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു.
എഴുപതുകളുടെ ആദ്യ ദശാബ്ദം രാജ്യത്ത് രാഷ്ട്രീയ അസ്വാസ്ഥ്യങ്ങൾ പുകയാൻ തുടങ്ങിയ കാലഘട്ടമായിരുന്നു. ഇന്ദിരയുടെ നേതൃത്വത്തിൽ ഏകശിലാരൂപത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ട ഭരണസംവിധാനങ്ങൾക്കെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ബിഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജയപ്രകാശ് നാരായണൻ പ്രക്ഷോഭ പരമ്പരകൾക്ക് നേതൃത്വം നൽകി. തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ ജനം അസ്വസ്ഥരായി. വിദ്യാർത്ഥി പ്രക്ഷോഭങ്ങളും കൊടുമ്പിരി കൊണ്ടു.
1971ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ക്രമക്കേട് കാട്ടിയെന്ന് 1975 ജൂൺ 12ന് അലഹാബാദ് ഹൈക്കോടതി കണ്ടെത്തി. പ്രചാരണത്തിൽ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു എന്നതായിരുന്നു ഇന്ദിരക്കെതിരായ കണ്ടെത്തൽ. കുറ്റം തെളിഞ്ഞതോടെ, 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം കോടതി ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ആറ് വർഷത്തേക്ക് വിലക്കുകയും ചെയ്തു. ഇന്ദിരയ്ക്കെതിരെ റായ്ബറേലിയിൽ നിന്നും മത്സരിച്ച സോഷ്യലിസ്റ്റ് നേതാവ് രാജ് നാരായൺ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്ദിരക്കെതിരായ വിധി.
എന്നാൽ, അലഹാബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സോപാധികം സ്റ്റേ ചെയ്തു. ഇന്ദിരക്ക് പ്രധാനമന്ത്രിയായി തുടരാമെങ്കിലും, പാർലമെന്റിൽ വോട്ട് ചെയ്യാനാകില്ല എന്നതായിരുന്നു സുപ്രീം കോടതിയുടെ ഉപാധി. അധികാരം റദ്ദാക്കപ്പെട്ട പ്രധാനമന്ത്രി രാജി വെക്കണമെന്ന ശക്തമായ ആവശ്യവുമായി പ്രതിപക്ഷം സമരങ്ങൾക്ക് മൂർച്ച കൂട്ടി.
തുടർന്ന്, ഇന്ദിരക്ക് അധികാരം നഷ്ടാമാകുമെന്ന അവസ്ഥയിൽ, 1975 ജൂൺ മാസം 25ന്, രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പോലീസിനും സൈന്യത്തിനുമെതിരെ കലാപം നടത്താൻ ജനങ്ങളെ ഇളക്കിവിട്ടു എന്ന കുറ്റം ചാർത്തി ജയപ്രകാശ് നാരയണൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെ സർക്കാർ വാർത്താക്കുറിപ്പ് ഇറക്കി.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട് ഉത്തരവ് ഇറങ്ങിയതോടെ, പൗരസ്വാതന്ത്ര്യം റദ്ദാക്കപ്പെട്ടു. തുടർന്ന് ജൂൺ 27ന് അനുച്ഛേദം 358, 359 എന്നിവ നിലവിൽ വന്നു. ഭരണഘടനയുടെ അനുച്ഛേദം 19 പ്രകാരം ജനങ്ങൾക്ക് ലഭ്യമായിരുന്ന അഭിപ്രായ സ്വാതന്ത്ര്യം, കൂട്ടം ചേരാനുള്ള സ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം എന്നിവ, അനുച്ഛേദം 358 പ്രകാരം ഇല്ലാതായി. അനുച്ഛേദം 14, 21, 22 എന്നിവ പ്രകാരം പൗരന്മാർക്ക് ലഭ്യമായിരുന്ന മൗലികാവകാശങ്ങളായ തുല്യതയ്ക്കുള്ള അവകാശം, ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഉള്ള അവകാശം, അനധികൃത തടങ്കലിനെതിരായ സംരക്ഷണം എന്നിവ, അനുച്ഛേദം 359 പ്രകാരം റദ്ദ് ചെയ്യപ്പെട്ടു.
സർക്കാരിനെതിരെ പൗരന്മാർക്ക് കോടതിയെ സമീപിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ജയപ്രകാശ് നാരായണൻ, മൊറാർജി ദേശായ്, അടൽ ബിഹാരി വാജ്പേയ്, എൽ കെ അദ്വാനി തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം ആഭ്യന്തര സുരക്ഷാ നിയമം (മിസ) പ്രകാരം അറസ്റ്റിലായി. രാജ്യത്ത് ആകമാനം മുപ്പത്തയ്യായിരത്തോളം പേർ അടിയന്തരാവസ്ഥക്കാലത്ത് വിചാരണ കൂടാതെ ജയിലിൽ അടയ്ക്കപ്പെട്ടു എന്ന് പിൽക്കാലത്ത് ഷാ കമ്മീഷൻ കണ്ടെത്തി.
അടിയന്തരാവസ്ഥ നിലവിൽ വന്നതോടെ, ജൂൺ 26 മുതൽ രാജ്യത്ത് പത്രങ്ങൾ ഉൾപ്പെടെയുള്ള വാർത്താ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് നിലവിൽ വന്നു. പ്രസിദ്ധീകരണത്തിന് മുൻപായി എഡിറ്റർമാർ ലേഖനങ്ങളും ചിത്രങ്ങളും സർക്കാർ നിയോഗിക്കുന്ന സെൻസർ ഉദ്യോഗസ്ഥർക്ക് മുന്നിൽ സമർപ്പിച്ച് അനുമതി വാങ്ങണം എന്നതായിരുന്നു നിബന്ധന. ജൂലൈ 5 മുതൽ, വിദേശമാധ്യമ പ്രതിനിധികൾ അയക്കുന്ന സന്ദേശങ്ങളും കർശനമായ പരിശോധനകൾക്ക് വിധേയമാക്കപ്പെട്ടു.
സിനിമകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ജൂലൈ 20ന് സിനിമാട്ടോഗ്രാഫിക് നിയമപ്രകാരം സെൻസർ ബോർഡ് പുനസംഘടിപ്പിച്ചു. 1976 ഫെബ്രുവരി 1ന് പ്രസ്റ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യു എൻ ഐ, സമാചാർ ഭാരതി, ഹിന്ദുസ്ഥാൻ സമാചാർ തുടങ്ങിയ നാല് പ്രധാന വാർത്താ ഏജൻസികളെ സമാചാർ എന്ന ഒറ്റ സംവിധാനത്തിൽ ലയിപ്പിച്ചു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയെ നിരോധിച്ചു.
അധികാരം കേന്ദ്ര സർക്കാരിൽ മാത്രം കേന്ദ്രീകരിക്കുന്നതിന് വേണ്ടി നിരവധി ഭരണഘടനാ ഭേദഗതികൾ പാർലമെന്റിൽ കൊണ്ടുവന്നു. രാഷ്ട്രപതി പ്രഖ്യാപിക്കുന്ന അടിയന്തരാവസ്ഥ കോടതികളിൽ ചോദ്യം ചെയ്യാനാകില്ല എന്ന് മുപ്പത്തിയെട്ടാം ഭേദഗതിയിലൂടെ ഉറപ്പിച്ചു. പ്രധാനമന്ത്രിയുടെയും ലോക്സഭാ സ്പീക്കറുടെയും തിരഞ്ഞെടുപ്പ് ജുഡീഷ്യൽ പരിശോധനയുടെ പരിധിക്ക് പുറത്താക്കുന്ന മുപ്പത്തിയൊൻപതാം ഭേദഗതി നിലവിൽ വന്നു. നാൽപ്പത്തിരണ്ടാം ഭേദഗതിയിലൂടെ, നിർദ്ദേശക തത്വങ്ങൾക്ക് മൗലികാവകാശങ്ങൾക്ക് മേൽ പ്രാമുഖ്യം കൈവന്നു. ഇതോടെ ഭരണഘടനാഭേദഗതികളെ ചോദ്യം ചെയ്യാനുള്ള അധികാരം കോടതികൾക്ക് നഷ്ടമായി. സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും അധികാരങ്ങൾ നാമമാത്രമായി. ലോക്സഭയുടെയും സംസ്ഥാന നിയമസഭകളുടെയും കാലാവധി അഞ്ച് വർഷത്തിൽ നിന്നും ആറ് വർഷമാക്കി.
ജനസംഖ്യാ നിയന്ത്രണം ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നിർബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയകൾ നടന്നു. രണ്ട് വർഷത്തിനുള്ളിൽ ഏകദേശം ഒരു കോടിക്ക് മുകളിൽ ജനങ്ങളെ സർക്കാർ നിർബന്ധിച്ച് വന്ധ്യംകരിച്ചു. വന്ധ്യംകരണ പ്രക്രിയകളുടെ ചിലവ് കാരണം മിക്ക സംസ്ഥാനങ്ങളിലും ഭക്ഷണം, തൊഴിൽ, പാർപ്പിടം, വായ്പകൾ എന്നിവ ലഭിക്കാതായി.
1977 മാർച്ച് 21ന് അടിയന്തരാവസ്ഥ അവസാനിച്ചു. മാർച്ച് 16 മുതൽ 20 വരെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു. തുടർന്ന് മാർച്ച് 24ന് ജനതാ സർക്കാർ നിലവിൽ വന്നു. അടിയന്തരാവസ്ഥക്കാലത്ത് നടന്ന മനുഷ്യവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ മെയ് മാസത്തിൽ ഷാ കമ്മീഷനെ നിയോഗിച്ചു. ഭാവിയിൽ അടിയന്തരാവസ്ഥയുടെ ഭീകരത രാജ്യത്ത് ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വേണ്ടി 1978ൽ നാൽപ്പത്തിനാലാം ഭരണഘടനാ ഭേദഗതി നിലവിൽ വന്നു. ഇത് പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടാനുള്ള മൂന്ന് സാഹചര്യങ്ങളിൽ, ആഭ്യന്തര സുരക്ഷാ ഭീഷണിയെ സായുധ കലാപം എന്ന് പുനർനിർവ്വചിച്ചു. യുദ്ധം, വൈദേശിക ആക്രമണങ്ങൾ എന്നിവയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള മറ്റ് രണ്ട് സാഹചര്യങ്ങൾ. കൂടാതെ, ജുഡീഷ്യൽ പരിശോധന ഉൾപ്പെടെയുള്ള ഭരണഘടനാ പരിശോധനകൾക്ക് പ്രാമുഖ്യം തിരികെ ലഭിച്ചു.
അടിയന്തരാവസ്ഥയുടെ കെടുതികളെ കുറിച്ച് വിശദമായി പഠിച്ച ജസ്റ്റിസ് ജെ സി ഷായുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ കണ്ടെത്തലുകൾ ഭീകരമായിരുന്നു. അധികാര ദുർവിനിയോഗം, നിർബന്ധിത തടങ്കൽ, സെൻസർഷിപ്പ്, വന്ധ്യംകരണ പ്രക്രിയകൾ എന്നിവയെ കുറിച്ച് പൊതുജനങ്ങളിൽ നിന്ന് നേരിട്ടും, രേഖകൾ പ്രകാരവും പരിശോധനകൾ നടന്നു. 1978-79 കാലഘട്ടത്തിൽ വിശദമായ മൂന്ന് റിപ്പോർട്ടുകൾ കേന്ദ്ര സർക്കാരിന് മുന്നിലെത്തി.
ഒന്നേമുക്കാൽ ലക്ഷത്തോളം പേരെ മാത്രം പാർപ്പിക്കാൻ സൗകര്യമുണ്ടായിരുന്ന ഇന്ത്യൻ ജയിലുകളിൽ അടിയന്തരാവസ്ഥക്കാലത്ത് രണ്ടേകാൽ ലക്ഷത്തോളം പേരെ കുത്തി നിറച്ചു. ഒന്നേകാൽ ലക്ഷത്തോളം പേരെ വിചാരണത്തടവുകാരാക്കി. അവിവാഹിതരായ 550ഓളം പേർ നിർബന്ധിത വന്ധ്യംകരണത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നു. അശാസ്ത്രീയമായ വന്ധ്യംകരണ പ്രക്രിയകളുടെ ഭാഗമായി രണ്ടായിരത്തോളം പേർക്ക് ജീവഹാനി സംഭവിച്ചു.
ഇരുപത്താറായിരത്തോളം പൊതുമേഖലാ ജീവനക്കാരുടെ മേൽ നിർബന്ധിത വിരമിക്കൽ അടിച്ചേൽപ്പിക്കപ്പെട്ടു. പത്രമോഫീസുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. കോടതി വിധികൾക്ക് പോലും സെൻസർഷിപ്പ് ഏർപ്പെടുത്തി. എഡിറ്റോറിയൽ സമീപനത്തിന്റെ അടിസ്ഥാനത്തിൽ മാധ്യമ സ്ഥാപനങ്ങളെ സൗഹാർദ്ദപരം, നിഷ്പക്ഷം പ്രതികൂലം എന്നിങ്ങനെ മൂന്നായി തരം തിരിച്ചു.
ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളിലും ഭരണഘടനാ സ്ഥാപനങ്ങളിലും ഭരണനിർവ്വഹണ കേന്ദ്രങ്ങളിലും ഗുരുതരമായ പരിക്കേൽപ്പിക്കപ്പെട്ട കാലഘട്ടമായിരുന്നു, 1975 ജൂൺ മാസം മുതൽ 1977 മാർച്ച് വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥക്കാലം. കേരളത്തിലും അടിയന്തരാവസ്ഥക്കാലം ഗുരുതരമായ സാമൂഹിക, രാഷ്ട്രീയ വടുക്കൾക്ക് കാരണമായി. കക്കയം പോലീസ് ക്യാമ്പിൽ കൊല ചെയ്യപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാർത്ഥി രാജനും പിതാവ് ഈച്ചര വാര്യരും ആ കാലത്തിന്റെ നീറുന്ന ഓർമ്മകളാണ്. പിണറായി വിജയൻ, വി എസ് അച്ചുതാനന്ദൻ, അഡ്വക്കേറ്റ് പി എസ് ശ്രീധരൻപിള്ള തുടങ്ങി നിരവധി നേതാക്കൾ അക്കാലത്ത് ജയിൽവാസം അനുഭവിച്ചു.
അടിയന്തരാവസ്ഥാനന്തരം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യമെമ്പാടും കോൺഗ്രസ് ദയനീയമായ പരാജയം ഏറ്റുവാങ്ങിയപ്പോൾ, കേരളം കോൺഗ്രസിനൊപ്പം നിന്നതും, ഒപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ഐക്യമുന്നണി സംസ്ഥാനത്ത് അധികാരത്തിലെത്തിയതും രാഷ്ട്രീയ വിരോധാഭാസമായി ഇന്നും വിലയിരുത്തപ്പെടുന്നു.

