ഒരു ദേശം മുഴുവൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി കലണ്ടർ നോക്കി ആ ഒരു ദിവസത്തിനായുള്ള കാത്തിരിപ്പിൽ ആണെങ്കിൽ അതിൽ നിന്ന് ഒന്ന് ഉറപ്പിച്ച് പറയാം, ആ ദിവസം അവർക്ക് എത്രമാത്രം പ്രധാനപ്പെട്ടത് ആണെന്ന്.. വടക്കേ മലബാറുകാർ ഈ കാത്തിരിപ്പ് തുടങ്ങിയത് ഇടവപ്പാതി കഴിഞ്ഞത് മുതലാണ്. ആ കാത്തിരിപ്പ് അവസാനം എത്തി നിൽക്കുന്നത് തുലാം മാസപ്പിറവിയിലും,
തുലാം പിറന്നാൽ ഞാൻ ഉൾപ്പെടുന്ന വടക്കേമലബാറുകാരുടെ മുഖം അങ്ങ് തെളിയും. പിന്നീട് ഞങ്ങളുടെ ചിന്ത പത്താം നാളിന് വേണ്ടിയാണ്. മഞ്ഞൾ ഗന്ധം ചാലിച്ച നേർത്ത കാറ്റ് വീശുന്ന പത്താമുദയ പുലരിയിൽ കുത്ത് വിളക്കിൻ്റെ ദീപ പ്രഭയിൽ അസുരവാദ്യത്തിൻ്റെ അകമ്പടിയിൽ കുരുത്തോല ചമയവും തിരുമുടിയുമായി വിണ്ണിൽ നിന്ന് മണ്ണിലേക്ക് അവർ ഇറങ്ങിവന്ന് ഉറഞ്ഞാടി തൻ്റെ പൈതങ്ങളുടെ ആധിയും വ്യാധിയും അകറ്റി മഞ്ഞൾക്കുറി പ്രസാദം നൽകി അനുഗ്രഹിക്കും.
അന്നപൂർണ്ണേശ്വരി ഭുവനി മാതാവ് മുച്ചിലോട്ട് ഭഗവതിയും കദനങ്ങൾ അകറ്റുന്ന കതിവന്നൂർ വീരനും അഗ്നിയിൽ വീണ് അഗ്നിപ്രപഞ്ചമായ കണ്ടനാർ കേളനും തുടങ്ങി ശൈവ, ശക്തേയ, വൈഷ്ണവ,ദേവതാ സങ്കല്പങ്ങളിലായി മുന്നൂറിലധികം തെയ്യങ്ങൾ വടക്കിൻ്റെ മണ്ണിലുണ്ട് . മുതലത്തെയ്യവും പോലീസ് തെയ്യവും മാപ്പിള തെയ്യവും സ്ത്രീകൾ കെട്ടിയാടുന്ന ഏക തെയ്യമായ ദേവക്കൂത്തും ഈ വടക്കൻ തെയ്യപ്രപഞ്ചത്തിലെ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നവയാണ്.
തെയ്യം കെട്ടുന്നവരെ കനലാടി എന്നും കോലധാരികളെന്നുമാണ് പറയുന്നത് . വണ്ണാൻ, മലയൻ, വേലൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, കോപ്പാളൻ, മാവിലൻ, പുലയ, ചിങ്കത്താൻ തുടങ്ങിയ പതിനഞ്ചോളം സമുദായങ്ങൾക്കാണ് വിവിധ തെയ്യങ്ങൾ കെട്ടിയാടാനുള്ള അവകാശം.
വടക്കേമലബാറിൻ്റെ ഭാഗമായ കണ്ണൂർ- കാസർഗോഡ് ജില്ലകളിലാണ് തെയ്യാട്ടം കൂടുതലായും നടക്കുന്നത്. തുലാം പത്തിന് കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ കാവിലെയും നിലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെയും കളിയാട്ടത്തോടെ തെയ്യാട്ടങ്ങൾ ആരംഭിക്കും. ഇടവപ്പാതിയിൽ കളരിവാതുക്കൽ പെരുങ്കളിയാട്ടത്തോടെ തെയ്യാട്ടക്കാലം അവസാനിക്കുകയും ചെയ്യും. ഓരോ തെയ്യാട്ട കാലയളവിലും നൂറിൽപരം കാവുകളിലാണ് തെയ്യാട്ടങ്ങൾ നടക്കുന്നത്.
കൂടാതെ കോഴിക്കോടിന്റെ വടകര ഉൾപ്പെടെയുള്ള ചില ഭാഗങ്ങളിൽ തിറ എന്ന പേരിൽ തെയ്യാട്ടം നടക്കുന്നുണ്ട്. പൊതുവെ ചന്ദ്രഗിരി പുഴയ്ക്കും കോരപ്പുഴയ്ക്കും ഇടയിലുള്ള ഭൂപ്രദേശത്തെ ആണ് തെയ്യങ്ങളുടെ തട്ടകം എന്ന് പറയുന്നത്. കർണാടകയിലെ ചിലപ്രദേശങ്ങളിലും തെയ്യാട്ടം നടക്കുന്നുണ്ട്
കെട്ടിയാടപ്പെടുന്ന തെയ്യത്തിന്റെ പുരാവൃത്തം വിവരിക്കുന്ന തോറ്റം തെയ്യാട്ടത്തിന്റെ പ്രധാന ഭാഗമാണ്. മുടി, മുഖത്തെഴുത്ത്, മെയ്യെഴുത്ത്, അണിയലങ്ങൾ എന്നിവയാണ് തെയ്യത്തിന്റെ പ്രധാന ഘടകങ്ങൾ. ഓരോ തെയ്യത്തിനും വ്യത്യസ്ത വേഷവിധാനങ്ങളും മുഖത്തെഴുതുമാണ് ഉണ്ടാകുന്നത്. തെയ്യാട്ടത്തിൽ മുഖത്തെഴുത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. പ്രാക്കെഴുത്ത്, വൈരിദളം, മാൻകണ്ണെഴുത്ത് തുടങ്ങി പതിമൂന്നോളം തരത്തിലുള്ള മുഖത്തെഴുത്തുകളാണ് തെയ്യത്തിനുപയോഗിക്കുന്നത്. അരിച്ചാന്ത്, മഞ്ഞൾ, മനയോല, ചായില്യം, കരി തുടങ്ങിയവ ഇതിനുപയോഗിക്കുന്നു. അണിയലങ്ങൾ എന്നു വിളിക്കുന്ന ആടയാഭരണങ്ങളെ നാലായി തരംതിരിക്കാം. കാക്കരു കാലിൽ, കൈക്കരു കൈയിൽ, അരച്ചമയം അരയിൽ , തലച്ചമയം തലയിലും ധരിക്കും. തലച്ചമയത്തിൽ വിവിധതരം മുടികൾ ഉൾപ്പെടും. വലിയമുടി, വട്ടമുടി, പൂക്കട്ടിമുടി, പുറത്തട്ടുമുടി തുടങ്ങിയവയാണ് മുടികൾ. തെയ്യം കുറിക്കൽ മുതൽ തിരുമുടി അഴിക്കൽ വരെ നിരവധി അനുഷ്ഠാനങ്ങളിലൂടെയാണ് തെയ്യം പൂർണ്ണതയിൽ എത്തുന്നത്.
തെയ്യം കേവലം ഒരു കലാരൂപമാണെന്ന് ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ ഒന്ന് ഉറപ്പിച്ച് പറയാം,ഒരുദേശത്തിൻ്റെ ,സംസ്കാരത്തിൻ്റെ, വിശ്വാസത്തിൻ്റെ തലമുറകളായി പകർന്ന് തന്ന ഊർജമാണ്, ഞങ്ങളുടെ ജീവശ്വാസമാണ് ഓരോ തെയ്യക്കാലവും.
ഇനിയുള്ള നാളുകളിൽ ലോകം എന്നും വിസ്മയത്തോടെ കണ്ട തെയ്യാട്ടം നേരിൽ കണ്ട് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുവാൻ ദേശദേശാന്തരങ്ങളിൽ നിന്ന് ആളുകൾ വടക്കിൻ്റെ മണ്ണിലേക്ക് ഓടി എത്തും. അവരെ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ ഈ വടക്കിൻ്റെ മണ്ണും..

