തിരുവനന്തപുരം: പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നീട് കത്തിക്കയറുന്ന കഴിഞ്ഞ സീസണിലെ പതിവ് ആവർത്തിച്ച് കേരള ക്രിക്കറ്റ് ലീഗ്. രണ്ടാം സീസണിലെ ആവേശകരമായ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ 4 വിക്കറ്റിന്റെ വിജയം ആഘോഷിച്ച് സഞ്ജു സാംസണിന്റെ കൊച്ചി ബ്ലൂ ടൈഗേഴ്സ്.
ഗ്രീൻഫീൽഡിൽ ഈ സീസണിൽ ചേസ് ചെയ്യുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യം മുതലെടുക്കാൻ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊച്ചി നായകൻ സാലി സാംസണിന്റെ തീരുമാനത്തെ ഒരുവേള ആശങ്കയുടെ നിഴലിൽ നിർത്തുന്നതായിരുന്നു കൊല്ലത്തിന്റെ വെടിക്കെട്ട്. അഭിഷേക് നായരെ ആദ്യമേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന വിഷ്ണു വിനോദും ക്യാപ്ടൻ സച്ചിൻ ബേബിയും അക്ഷരാർത്ഥത്തിൽ കൊച്ചി ബൗളർമാരെ അടിച്ചു പറത്തി.
സച്ചിൻ ബേബി 44 പന്തിൽ 91 റൺസും വിഷ്ണു വിനോദ് 41 പന്തിൽ 94 റൺസും നേടിയതോടെ, 5 വിക്കറ്റിന് 236 എന്ന പടുകൂറ്റൻ ടോട്ടൽ പടുത്തുയർത്താൻ കൊല്ലത്തിന് സാധിച്ചു. കൊച്ചിക്ക് വേണ്ടി പന്തെടുത്ത ഏഴിൽ അഞ്ച് ബൗളർമാരും ഓവറിൽ 10 റൺസിന് മുകളിൽ തല്ല് വാങ്ങി. ജെറിൻ പി എസിന് 2 വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിംഗിൽ, തന്റെ ക്ലാസ് എന്താണെന്ന് വ്യക്തമാക്കുന്ന ഇന്നിംഗ്സാണ് സ്വന്തം നാട്ടുകാരുടെ മുന്നിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ പുറത്തെടുത്തത്. 51 പന്തിൽ 14 ബൗണ്ടറികളുടെയും 7 സിക്സറുകളുടെയും അകമ്പടിയോടെ 121 റൺസാണ് സഞ്ജു അടിച്ച് കൂട്ടിയത്. 45 റൺസ് എടുത്ത മുഹമ്മദ് ആഷിഖും 39 റൺസെടുത്ത മുഹമ്മദ് ഷാനുവും സഞ്ജുവിന് ഉറച്ച പിന്തുണ നൽകി.
അവസാന ഘട്ടത്തിൽ സഞ്ജു ഉൾപ്പെടെ ഉള്ളവരുടെ വിക്കറ്റുകൾ വീഴ്ത്തിയ കൊല്ലം, കൊച്ചിയെ നേരിയ സമ്മർദ്ദത്തിലാഴ്ത്തി. എന്നാൽ അവസാന ഓവറിലെ അവസാന പന്തിൽ ജയിക്കാൻ വേണ്ടിയിരുന്ന ആറ് റൺസ്, പടുകൂറ്റൻ സിക്സറിലൂടെ ആഷിഖ് നേടിയതോടെ, സീസണിലെ ഏറ്റവും ആവേശകരമായ മത്സരത്തിലെ വിജയം കൊച്ചി സ്വന്തമാക്കുകയായിരുന്നു.

