കോഴിക്കോട് : അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ഔദ്യോഗികമായി ഒഴിവാക്കി. നവംബറിലാണ് ടീം കേരളത്തിൽ എത്തുമെന്ന് അറിയിച്ചിരുന്നത് . മത്സരത്തിന്റെ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് സോഷ്യൽ മീഡിയ വഴി വാർത്ത സ്ഥിരീകരിച്ചു.
മത്സരം നടത്താൻ ഫിഫ അനുമതി ലഭിച്ചിട്ടില്ലെന്നാണ് സ്പോൺസർമാരിൽ ഒരാളായ ആന്റോ അഗസ്റ്റിൻ പറയുന്നത് . ലോകകപ്പ് അർജന്റീന ടീം കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കളിക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്റ്റേഡിയത്തിലെ നവീകരണ ജോലികൾ ആരംഭിച്ചിവെങ്കിലും പൂർത്തിയാക്കാൻ ആയിട്ടില്ല.
“ഫിഫയുടെ അനുമതി ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസം കണക്കിലെടുത്ത്, അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി (എ.എഫ്.എ) നടത്തിയ ചർച്ചകൾക്ക് ശേഷം, നവംബർ വിൻഡോയിൽ നിന്ന് മത്സരം മാറ്റിവയ്ക്കാൻ തീരുമാനിച്ചു,” എന്നാണ് ആന്റോ അഗസ്റ്റിൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പറയുന്നത്.
കേരളത്തിലെ മത്സരം അടുത്ത അന്താരാഷ്ട്ര വിൻഡോയിൽ നടക്കുമെന്നും പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാറ്റിവയ്ക്കൽ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ബന്ധപ്പെട്ട അധികാരികളുമായി വകുപ്പ് നേതൃത്വം സംസാരിക്കുകയും ഷെഡ്യൂളിലെ മാറ്റം സ്ഥിരീകരിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ, സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി എ.എഫ്.എ പ്രതിനിധികൾ കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം സന്ദർശിച്ചിരുന്നു.അതേസമയം അര്‍ജന്റീനയുടെ എതിരാളികളാകാൻ പരിഗണിച്ച ഓസ്ട്രേലിയയും കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

