സിഡ്നി: താൻ അർബുദ രോഗബാധിതനാണെന്ന് വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്ക്. സ്കിൻ ക്യാൻസറാണ് തനിക്ക് ബാധിച്ചിരിക്കുന്നത്. കൃത്യമായ പരിശോധനകളും ശരിയായ സമയത്തെ രോഗനിർണ്ണയവും ചികിത്സയേക്കാൾ പ്രധാനമാണെന്ന് ക്ലാർക്ക് പറയുന്നു. ചികിത്സയ്ക്ക് ശേഷമുള്ള മുഖത്തിന്റെ ചിത്രവും സാമൂഹിക മാധ്യമത്തിൽ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
സ്കിൻ ക്യാൻസർ ഒരു യാഥാർത്ഥ്യമാണ്, പ്രത്യേകിച്ച് ഓസ്ട്രേലിയയിൽ. മൂക്കിൽ നിന്നും ഇന്ന് ഒരെണ്ണം കൂടി മുറിച്ച് മാറ്റി. കൃത്യമായ സമയത്ത് പരിശോധനകൾ നടത്തണം എന്ന സൗഹാർദ്ദപരമായ ഒരു ഓർമ്മപ്പെടുത്തലാണ് ഇത്. വരാതെ നോക്കുന്നതാണ് രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ ഭേദം എന്നാണ് പൊതുവിൽ പറയാറുള്ളത്. എന്നാൽ എന്റെ കാര്യത്തിൽ കൃത്യമായ പരിശോധനകളും നേരത്തേയുള്ള രോഗ നിർണ്ണയവുമാണ് നിർണ്ണായകമായത്. നേരത്തേ കണ്ടു പിടിച്ചതിന് ഡോക്ടർക്ക് നന്ദി. ഇതാണ് ചിത്രത്തോടൊപ്പമുള്ള ക്ലാർക്കിന്റെ കുറിപ്പ്.
ഫേസ്ബുക്ക്പോസ്റ്റ്: https://www.facebook.com/michaelclarkecricket/posts/pfbid0K8LCAcgdb8hJX4dnQyx4gwTQ6B9E6m7nYBdbfiZJxzeYRfJHjhgPhkT6Z3TZoLeGl
2011-2015 കാലഘട്ടത്തിൽ ഓസ്ട്രേലിയൻ ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് ടീമുകളുടെ ക്യാപ്ടനായിരുന്നു മൈക്കൽ ക്ലാർക്ക്. 2015ൽ ഓസ്ട്രേലിയക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് അദ്ദേഹം. 2007 മുതൽ 2010 വരെ ഓസ്ട്രേലിയൻ ട്വന്റി 20 ടീമിന്റെയും ക്യാപ്ടനായിരുന്നു. 2006ൽ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ഓസീസ് ടീമിലും അംഗമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ പൂനെ വാറിയേഴ്സ് ഇന്ത്യയുടെ താരമായിരുന്നു.

