ദുബായ്: ചരിത്രത്തിൽ ആദ്യമായി മുഖാമുഖം വന്ന ഏഷ്യാ കപ്പ് ഫൈനലിൽ, പാകിസ്താനെ 5 വിക്കറ്റിന് തറപറ്റിച്ച് കിരീടം നിലനിർത്തി ഇന്ത്യ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പാകിസ്താനെ 19.1 ഓവറിൽ 146 റൺസിന് പുറത്താക്കി. മറുപടി ബാറ്റിംഗിൽ, 19.4 ഓവറിൽ 5 വിക്കറ്റിന് 150 റൺസ് അടിച്ച് ഇന്ത്യ ഏഷ്യാ കപ്പിലെ തങ്ങളുടെ അപ്രമാദിത്ത്വം അരക്കിട്ടുറപ്പിച്ച് ഒൻപതാം കിരീടം ചൂടി.
മൈക്ക് ഹെസൻ എന്ന തന്ത്രശാലിയായ പരിശീലകന് കീഴിൽ, കൃത്യമായ ഗൃഹപാഠം ചെയ്ത ശേഷമാണ് പാകിസ്താൻ ഫൈനലിൽ ഇന്ത്യക്കെതിരെ കളിക്കാൻ ഇറങ്ങിയത്. അതിന്റെ മുൻതൂക്കം രണ്ട് ഇന്നിംഗ്സുകളുടെയും തുടക്കത്തിൽ അവർക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ, പ്രതിഭാസമ്പത്ത് കൊണ്ടും പരിചയസമ്പത്ത് കൊണ്ടും പോരാട്ടവീര്യം കൊണ്ടും പാകിസ്താനേക്കാൾ ബഹുദൂരം മുന്നിലുള്ള ഇന്ത്യയെ പിടിച്ചുകെട്ടാൻ അത് മതിയാകുമായിരുന്നില്ല.
പരിക്കേറ്റ ഹാർദ്ദിക് പാണ്ഡ്യ ഇല്ലാതെ ഇറങ്ങിയ ഇന്ത്യക്കെതിരെ പവർപ്ലേയിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ പാകിസ്താന് സാധിച്ചു. അവരുടെ ആദ്യ വിക്കറ്റ് വീഴ്ത്താൻ പത്താമത്തെ ഓവറിലെ നാലാം പന്ത് വരെ ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നു. പിന്നീട് 12.5 ഓവറിൽ 2ന് 113 എന്ന നിലയിൽ നിന്നുമാണ് അവർ തകർന്നത്. ശേഷിച്ച 8 വിക്കറ്റുകൾ 33 റൺസിൽ നിലംപൊത്തി. മധ്യ ഓവറുകളിൽ സ്പിന്നർമാർ ചെലുത്തിയ സമ്മർദ്ദം അതിജീവിക്കാനാകാതെ പാക് ബാറ്റ്സ്മാന്മാർ കൂട്ടത്തോടെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഓപ്പണർമാരായ സാഹിബ്സാദ ഫർഹാൻ 57 റൺസും ഫഖർ സമാൻ 46 റൺസും നേടിയതൊഴിച്ചാൽ പിന്നീട് പാക് ഇന്നിംഗ്സിൽ രണ്ടക്കം കടന്നത് 14 റൺസ് എടുത്ത സയം അയൂബ് മാത്രമാണ്.
4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് പാക് ഇന്നിംഗ്സിന്റെ അന്തകനായത്. 2 വിക്കറ്റുകൾ വീതം വീഴ്ത്തിയ ബൂമ്രയും അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും കൂടി ചേർന്നതോടെ പാക് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു. പതിനെട്ടാം ഓവറിലെ അവസാന പന്തിൽ വാലറ്റക്കാരൻ ഹാരീസ് റൗഫിനെ പുറത്താക്കി ബൂമ്ര കാട്ടിയ വിമാന ആംഗ്യം, റൗഫിനുള്ള ചുട്ട മറുപടിയായി വിലയിരുത്തപ്പെട്ടു.
മറുപടി ബാറ്റിംഗിൽ അഭിഷേക് ശർമ്മയെ 5നും മോശം ഫോമിലുള്ള ക്യാപ്ടൻ സൂര്യകുമാർ യാദവിനെ ഒരു റണ്ണിനും നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. നാലാം ഓവറിൽ ശുഭ്മാൻ ഗിൽ കൂടി വീണതോടെ, പവർപ്ലേയിൽ 3ന് 36 എന്ന നിലയിൽ ഇന്ത്യ പരുങ്ങി. എന്നാൽ പിന്നീട് ഒത്തുചേർന്ന സഞ്ജു സാംസണും ഇന്നത്തെ മത്സരത്തിലെ ഹീറോ തിലക് വർമ്മയും ചേർന്ന് കാര്യമായ നഷ്ടം വരാതെ സ്കോർബോർഡ് ക്രമാനുഗതമായി ചലിപ്പിച്ചു. പതിമൂന്നാം ഓവറിൽ 24 റൺസുമായി സഞ്ജു മടങ്ങിയെങ്കിലും, ശിവം ദുബെയും തിലകും ചേർന്ന് ഇന്ത്യയെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോയി. ഇതിനിടെ വന്നുപോയ പാക് ബൗളർമാരെല്ലാം സാമാന്യം ഭേദപ്പെട്ട നിലയിൽ തല്ല് വാങ്ങി.
പത്തൊൻപതാം ഓവറിലെ അവസാന പന്തിൽ കൂറ്റൻ അടിക്ക് ശ്രമിച്ച് ബൗണ്ടറിയിൽ ക്യാച്ച് സമ്മാനിച്ച് ദുബെ മടങ്ങുമ്പോൾ ഇന്ത്യക്കും ജയത്തിനുമിടയിൽ ഒരോവറിന്റെയും പത്ത് റൺസിന്റെയും വ്യത്യാസം ഉണ്ടായിരുന്നു. എന്നാൽ കാത്തിരുന്ന ഹാരിസ് റൗഫിനെ അവസാന ഓവറിൽ തഞ്ചത്തിന് കൈയ്യിൽ കിട്ടിയ തിലക് വർമ്മ ഒരു പടുകൂറ്റൻ സിക്സറും സിംഗിളും പായിച്ച് സ്കോർ ടൈ ആക്കി. ടൂർണമെന്റിൽ ആദ്യമായി ബാറ്റ് ചെയ്യാൻ അവസരം കിട്ടിയ റിങ്കു സിംഗ് നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേക്ക് പായിച്ചതോടെ, ഇന്ത്യ കാത്തിരുന്ന വിജയഭേരി മുഴങ്ങി. പാകിസ്താന് വേണ്ടി ഫഹീം അഷ്രഫ് 3 വിക്കറ്റ് വീഴ്ത്തി.
മത്സരം ശേഷം ഏറെ വൈകി നടന്ന സമ്മാനദാന ചടങ്ങിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തലവനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനുമായ മൊഹ്സിൻ നഖ്വിയിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതോടെ ചടങ്ങ് നാമമാത്രമായി അവസാനിപ്പിക്കേണ്ടി വന്നു. പ്ലെയർ ഓഫ് ദി മാച്ചായി തിലക് വർമ്മയും പ്ലെയർ ഓഫ് ദി ടൂർണമെന്റായി കുൽദീപ് യാദവും തിരഞ്ഞെടുക്കപ്പെട്ടതോടെ, ഇന്ത്യയുടെ അസാന്നിധ്യത്തിലും ചടങ്ങ് ഇന്ത്യക്കാരുടേത് മാത്രമായി.

