മുംബൈ: വനിതാ ലോകകപ്പ് ക്രിക്കറ്റിലെ നിർണ്ണായക ലീഗ് മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 53 റൺസിന്റെ ആധികാരിക ജയവുമായി ഇന്ത്യ സെമിയിൽ കടന്നു. സെമിയിൽ കടക്കാൻ ജയം അനിവാര്യമായ ഇരു ടീമുകളുടെ പോരാട്ടത്തിൽ, സമസ്ത മേഖലയിലും വ്യക്തമായ മുൻതൂക്കത്തോടെയാണ് ഇന്ത്യ വിജയം ആഘോഷമാക്കിയത്.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത കിവീസിനെതിരെ 212 റൺസിന്റെ സ്വപ്നതുല്യമായ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് വേണ്ടി പ്രതിക റാവലും സ്മൃതി മന്ഥാനയും ചേർന്ന് പടുത്തുയർത്തിയത്. ഇരുവരും തകർപ്പൻ സെഞ്ച്വറികളുമായി കളം നിറഞ്ഞതോടെ കിവീസ് ബൗളർമാർ ഹതാശരായി. 95 പന്തിൽ 10 ബൗണ്ടറികളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെ സ്മൃതി 109 റൺസും 13 ബൗണ്ടറികളുടെയും 2 സിക്സറുകളുടെയും അകമ്പടിയോടെ പ്രതിക 122 റൺസും നേടി. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ജെമീമ റോഡ്രിഗസ് 55 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നു.
മഴ മൂലം 49 ഓവറായി ചുരുക്കിയ മത്സരത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് എന്ന പടുകൂറ്റൻ ടോട്ടലാണ് ഇന്ത്യ ഉയർത്തിയത്. മഴ രസം കൊല്ലിയായതോടെ കിവീസിന്റെ വിജയലക്ഷ്യം ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 44 ഓവറിൽ 325 റൺസായി പുനർനിർണയിച്ചു.
വലിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലൻഡ് വനിതകൾക്ക് തുടക്കം തന്നെ പിഴച്ചു. രണ്ടാം ഓവറിൽ സൂസി ബേറ്റ്സിനെ ക്രാന്തി ഗൗഡ് പ്രതിക റാവലിന്റെ കൈകളിൽ എത്തിക്കുമ്പോൾ 1ന് 1 എന്ന നിലയിലായിരുന്നു കിവീസ്. പിന്നീട് പൊരുതിക്കളിക്കാൻ ശ്രമിച്ച അവർ ഇടയ്ക്ക് മികച്ച ചില കൂട്ടുകെട്ടുകൾ ഉണ്ടാക്കിയെങ്കിലും, ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ അത് മതിയാകുമായിരുന്നില്ല. 44 ഓവറുകൾ പൂർത്തിയാകുമ്പോൾ 8ന് 271 എന്ന സ്കോറിൽ അവരുടെ പോരാട്ടം അവസാനിച്ചു.
81 റൺസെടുത്ത ബ്രൂക്ക് ഹാലിഡേ, 65 റൺസുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഇസബെല്ല ഗേസ്, 45 റൺസെടുത്ത അമീലിയ കെർ, 30 റൺസെടുത്ത ജോർജിയ പ്ലിമർ എന്നിവരായിരുന്നു ന്യൂസിലൻഡിന്റെ പ്രധാന സ്കോറർമാർ. ഇന്ത്യക്ക് വേണ്ടി രേണുക സിംഗ് ഠാക്കൂർ, ക്രാന്തി ഗൗഡ് എന്നിവർ 2 വിക്കറ്റ് വീതവും സ്നേഹ് റാണ, ശ്രീ ചരണി, ദീപ്തി ശർമ്മ, പ്രതിക റാവൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

