ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മുഖാമുഖത്തിൽ പാകിസ്താനെതിരെ 7 വിക്കറ്റിന്റെ തകർപ്പൻ ജയം നേടി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിൽ 15.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി ഇന്ത്യ വിജയം ആഘോഷിച്ചു.
ബൗളിംഗിലും ഫീൽഡിംഗിലും ബാറ്റിംഗിലും ഒരു ഘട്ടത്തിൽ പോലും പാകിസ്താന് ഇന്ത്യയുടെ ഏഴയലത്ത് എത്താൻ സാധിച്ചില്ല. ടീം സ്കോർ ഒരു റണ്ണിൽ നിൽക്കെ, സയാം അയൂബിനെ പൂജ്യത്തിന് പുറത്താക്കി ഹാർദിക് പാണ്ഡ്യ ഏൽപ്പിച്ച പ്രഹരത്തിൽ നിന്നും പിന്നീട് ഒരിക്കൽ പോലും അവർക്ക് മുക്തരാകാൻ സാധിച്ചില്ല. 44 പന്തിൽ 40 റൺസ് എടുത്ത ഓപ്പണർ സാഹിബ്സാദ ഫർഹാൻ ആണ് പാകിസ്താന്റെ ടോപ് സ്കോറർ. അവസാന ഘട്ടത്തിൽ കണ്ണും പൂട്ടിയടിച്ച് 16 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്ന ഷഹീൻ അഫ്രീദിയാണ് പാകിസ്താനെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത്. 4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ പിഴുത കുൽദീപ് യാദവാണ് പാകിസ്താന്റെ അന്തകനായത്. അക്ഷർ പട്ടേലിനും ബൂമ്രക്കും 2 വിക്കറ്റുകൾ വീതവും വരുൺ ചക്രവർത്തിക്കും പാണ്ഡ്യക്കും ഓരോ വിക്കറ്റും ലഭിച്ചു.
ദുർബലമായ ടോട്ടൽ പിന്തുടരാൻ ഇറങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ തുടക്കം മുതൽ തന്നെ മികച്ച ആത്മവിശ്വാസത്തിലായിരുന്നു. ശുഭ്മാൻ ഗിൽ 10 റൺസുമായി മടങ്ങിയെങ്കിലും പതിവ് ശൈലിയിൽ ബാറ്റേന്തിയ അഭിഷേക് ശർമ്മ 13 പന്തിൽ 31 റൺസ് നേടി. മൂന്നാം വിക്കറ്റിൽ 56 റൺസിന്റെ കൂട്ടുകെത്ത് ഉയർത്തി ക്യാപ്ടൻ സൂര്യകുമാർ യാദവും തിലക് വർമ്മയും ഇന്ത്യയെ വിജയതീരത്തോട് അടുപ്പിച്ചു. 31 റൺസുമായി വർമ്മ മടങ്ങിയെങ്കിലും, 47 റൺസുമായി സൂര്യയും 10 റൺസുമായി ശിവം ദുബെയും സുരക്ഷിതമായി ഇന്ത്യൻ ജയം പൂർത്തിയാക്കി. സിക്സറിലൂടെ വിജയം സമ്പൂർണ്ണമാക്കിയ ശേഷം പാക് താരങ്ങൾക്ക് കൈകൊടുക്കാൻ നിൽക്കാതെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ഇന്ത്യൻ ക്യാപ്ടൻ, ടീമിന്റെ മുഴുവൻ നിലപാടിന്റെയും പ്രതീകമായി.
പാകിസ്താന്റെ കേളികേട്ട തീയുണ്ടകൾ എല്ലാം ഇന്ത്യൻ ബാറ്റിംഗ് കരുത്തിന് മുന്നിൽ നനഞ്ഞ പടക്കങ്ങളായി മാറിയപ്പോൾ, ബാറ്റിംഗ് ഓൾ റൗണ്ടർ സയാം അയൂബാണ് ഇന്ത്യൻ ഇന്നിംഗ്സിൽ വീണ 3 വിക്കറ്റുകളും സ്വന്തമാക്കിയത്.

