ചെന്നൈ: ശിവഗംഗയിലെ കസ്റ്റഡി മരണത്തിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനവുമായി നടൻ വിജയും രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകവും. പ്രതിഷേധിക്കാൻ വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ പാർട്ടി നേരത്തെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, പ്രതിഷേധ സ്ഥലത്തേക്ക് പോകുന്നതിനിടെ ടിവികെ പ്രവർത്തകരെ ജില്ലാ അതിർത്തിയിൽ വെച്ച് പോലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കാഞ്ചീപുരം, വെല്ലൂർ, ചെങ്കൽപേട്ട് തുടങ്ങിയ സമീപ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ ചെന്നൈയിലേക്ക് വരാൻ അനുവദിക്കാതെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.ശിവഗംഗയിൽ അജിത്കുമാർ എന്ന യുവാവിന്റെ മരണശേഷം, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അജിതിന്റെ കുടുംബത്തെ വിളിച്ച് ക്ഷമാപണം നടത്തി. എന്നാൽ മാപ്പപേക്ഷയല്ല, നീതി വേണമെന്ന് ടിവികെ പ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തി. സ്റ്റാലിൻ മുഖ്യമന്ത്രിയായതിനുശേഷം തമിഴ്നാട്ടിൽ 23 ലധികം കസ്റ്റഡി മരണങ്ങൾ നടന്നിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ രംഗത്ത് വന്നിരിക്കുകയാണിപ്പോൾ . നടൻ വിജയ് പൊതുരംഗത്ത് എത്തിയ ശേഷമുള്ള ആദ്യ പൊതു പ്രതിഷേധമാണിത്. കറുത്ത വസ്ത്രം ധരിച്ച് പ്ലക്കാർഡുമായാണ് വിജയ് പ്രതിഷേധത്തിനെത്തിയത് . മാധപുരം ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ അജിത് കുമാർ കഴിഞ്ഞ മാസമാണ് പോലീസ് കസ്റ്റഡിയിൽ വച്ച് മരിച്ചത് . ടിവികെ ആസ്ഥാനത്ത് അജിതിന്റെ കുടുംബവുമായി വിജയ് ഇന്നലെ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. നീതിക്കായി പോരാടുമെന്ന് അദ്ദേഹം കുടുംബത്തിന് വാഗ്ദാനം ചെയ്തു. വിജയിയുടെ ശക്തിപ്രകടനമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ പ്രതിഷേധത്തെ കാണുന്നത്.

