ബെംഗളൂരു : ദക്ഷിണേന്ത്യൻ സിനിമകളിലെ സ്വഭാവ വേഷങ്ങളിലൂടെ പ്രശസ്തനായ മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു.ഞായറാഴ്ച ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം .
ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. വിവിധ ഭാഷകളിലായി 750-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1978-ൽ ‘പ്രണം ഖരീദു’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. “കോട്ട ഗാരു ശാരീരികമായി നമ്മോടൊപ്പമില്ലെങ്കിലും, അദ്ദേഹം അവതരിപ്പിച്ച വൈവിധ്യമാർന്ന വേഷങ്ങളിലൂടെ, തെലുങ്ക് ജനതയുടെ ഹൃദയങ്ങളിൽ അദ്ദേഹം എന്നെന്നും നിലനിൽക്കും,” രേവന്ത് റെഡ്ഡി എക്സിലെ പോസ്റ്റിൽ പറഞ്ഞു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും അനുശോചനം അർപ്പിച്ചു . “ഏകദേശം നാല് പതിറ്റാണ്ടുകളായി സിനിമയ്ക്കും നാടകത്തിനും അദ്ദേഹം നൽകിയ കലാപരമായ സംഭാവനകളും അദ്ദേഹം അവതരിപ്പിച്ച വേഷങ്ങളും അവിസ്മരണീയമായിരിക്കും. വില്ലനായും സ്വഭാവനടനായും അദ്ദേഹം അവതരിപ്പിച്ച നിരവധി അവിസ്മരണീയ വേഷങ്ങൾ തെലുങ്ക് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ എന്നെന്നും നിലനിൽക്കും‘ ചന്ദ്രബാബു നായിഡു പറഞ്ഞു.

