സുനീഷ് വി ശശിധരൻ
അർജുൻ അശോകനെ നായകനാക്കി അഭിലാഷ് പിള്ളയുടെ രചനയിൽ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ‘സുമതി വളവ്‘. തിരുവനന്തപുരം ജില്ലയിലെ ഒരു നാട്ടിൻപുറത്ത് പ്രചാരത്തിലുള്ള യക്ഷിക്കഥയെയും അതേ പേരിലുള്ള യഥാർത്ഥ സ്ഥലത്തെയും അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഒരു ഹൊറർ ഫാമിലി റൊമാന്റിക് ത്രില്ലറാണ് ചിത്രം. അർജുൻ അശോകനൊപ്പം മാളവിക മനോജ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ബാലു വർഗീസ്, ശിവദ തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരിക്കുന്നു.
വർഷങ്ങളായി സുമതി എന്ന തമിഴ് സ്ത്രീയുടെ ആത്മാവിന്റെ സാന്നിധ്യമുള്ള ഗ്രാമാതിർത്തിയിലെ ഒരു വളവിനെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. പൂർണ്ണ ഗർഭിണിയായിരിക്കെ ബലി നൽകപ്പെട്ട സുമതി, ആ വഴി സന്ധ്യക്ക് ശേഷം വരുന്നവർക്ക് സമ്മാനിക്കുന്ന ഭീതിദമായ അനുഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ.
മാളികപ്പുറം എന്ന സർപ്രൈസ് ബ്ലോക്ക് ബസ്റ്ററിന് ശേഷം വീണ്ടും അതേ ടീം ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷ നൽകിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ആ പ്രതീക്ഷയോട് അണിയറ പ്രവർത്തകർ നീതി പുലർത്തി എന്ന് തന്നെയാണ് ചിത്രം തിയേറ്ററിൽ നേടുന്ന മികച്ച വിജയം സൂചിപ്പിക്കുന്നത്.
സുമതിയുടെ പുരാവൃത്തം വിശദമാക്കുന്ന ആദ്യ രംഗങ്ങൾ പ്രേക്ഷകരിലേക്ക് ഭീതി പകരുമ്പോൾ, പിന്നീടുള്ള നാട്ടിൻപുറത്തെ രസക്കാഴ്ചകൾ തിയേറ്ററിൽ ചിരി പടർത്തുന്നു. തൊണ്ണൂറുകളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ മണിച്ചിത്രത്താഴ് റഫറൻസും പോയകാലങ്ങളെ അനുസ്മരിപ്പിക്കുന്ന മികച്ച കലാസംവിധാനവും പ്രേക്ഷകർക്ക് ഗൃഹാതുരത്വം പകരുന്ന അനുഭവം സമ്മാനിക്കുന്നു.
ഇടവേളക്ക് തൊട്ട് മുൻപുള്ള ഹൊറർ സീക്വൻസ് ശ്വാസമടക്കി പിടിച്ചാണ് പ്രേക്ഷകർ കാണുന്നത്. രാത്രികാല ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിൽ തനിക്കുള്ള മികവ് മാളികപ്പുറത്തിൽ തന്നെ വ്യക്തമാക്കിയിട്ടുള്ള സംവിധായകൻ, സുമതി വളവിൽ എത്തുമ്പോൾ അത് ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുകയാണ്. എല്ലാ തരത്തിലും പ്രായത്തിലും ഉള്ള പ്രേക്ഷകരെയും രസിപ്പിക്കാൻ ലക്ഷ്യമിട്ട് അഭിലാഷ് പിള്ള ഒരുക്കിയിരിക്കുന്ന തിരക്കഥയാണ് ചിത്രത്തിന് കെട്ടുറപ്പ് നൽകുന്നത്. ഗോകുൽ സുരേഷിന്റെ വരവോടെ മറ്റൊരു തലത്തിലേക്ക് കടക്കുന്ന ചിത്രത്തിന്റെ വേറിട്ട കഥാഗതി രണ്ടാം പകുതിയെ കൂടുതൽ ആകാംക്ഷാഭരിതമാക്കുന്നു. പ്രേക്ഷകപ്രശംസയും നിരൂപക പിന്തുണയും ഒരേ പോലെ നേടിയാണ് ഗോകുലിന്റെ കഥാപാത്രം കളം നിറയുന്നത്.
ചിത്രം ആദ്യം മുതൽ മുന്നോട്ട് വെക്കുന്ന എല്ലാ എലമെന്റുകളുടെയും കൃത്യമായ സംയോജനമാണ് തൃപ്തികരമായ ഒരു ക്ലൈമാക്സിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. എടുത്ത് പറയേണ്ട മറ്റ് പ്രകടനങ്ങൾ ശിവദയുടെയും സിത്ഥാർഥ് ഭരതന്റേതുമാണ്. മാളികപ്പുറത്തിൽ തിളങ്ങിയ ദേവനന്ദയ്ക്കും ശ്രീപഥിനും മികച്ച റോളുകളാണ് ചിത്രത്തിൽ ഉള്ളത്. ശ്രാവൺ മുകേഷിന്റെ ഭദ്രനും കൈയ്യടി നേടുന്നുണ്ട്.
വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത്, ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ‘സുമതി വളവ്‘ നിർമ്മിച്ചിരിക്കുന്നത്. പി വി ശങ്കറിന്റെ ഛായാഗ്രഹണം മികച്ച് നിൽക്കുന്നു. ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിംഗും രഞ്ജിൻ രാജ് ഈണം പകർന്ന ഗാനങ്ങളും ശ്രദ്ധേയമാണ്. ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്ന ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും സ്റ്റെഡി കളക്ഷനിൽ തുടരുകയാണ് എന്നാണ് തിയേറ്റർ കണക്കുകൾ സൂചിപ്പിക്കുന്നത്.

