ബെംഗളൂരു : 20 വർഷങ്ങൾക്ക് ശേഷം നടി സൗന്ദര്യയുടെ മരണം വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. 2004 ൽ ഹെലികോപ്റ്റർ അപകടത്തിലാണ് സൗന്ദര്യ മരിച്ചത്. സൗന്ദര്യയോടൊപ്പം സഹോദരനും ഇതേ അപകടത്തിൽ മരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, തെലങ്കാനയിലെ ഖമ്മം ജില്ലയിലെ സത്യനാരായണപുര ഗ്രാമത്തിൽ താമസിക്കുന്ന ചിട്ടിബാബു എന്നയാളാണ് സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയത്.
മുതിർന്ന തെലുങ്ക് സിനിമാ നടൻ മോഹൻ ബാബു സ്വത്തിന് വേണ്ടി നടി സൗന്ദര്യയെ കൊലപ്പെടുത്തിയെന്നാണ് പരാതി . ഇതിന് മറുപടിയുമായി സൗന്ദര്യയുടെ ഭർത്താവ് ജി.എസ്. രഘു രംഗത്തെത്തിയിട്ടുണ്ട്. “മോഹൻ ബാബു സൗന്ദര്യയെ കൊലപ്പെടുത്തിയെന്ന ആരോപണം പൂർണ്ണമായും തെറ്റും അടിസ്ഥാനരഹിതവുമാണ്” എന്നാണ് സൗന്ദര്യയുടെ ഭർത്താവ് ജി.എസ്. രഘു പറയുന്നത് .
“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ മോഹൻ ബാബുവിന്റെയും സൗന്ദര്യയുടെയും സ്വത്തുക്കളെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട് . സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ ഞാൻ നിഷേധിക്കുന്നു. എന്റെ ഭാര്യ പരേതയായ സൗന്ദര്യയിൽ നിന്ന് നിയമവിരുദ്ധമായി ഒരു സ്വത്തും മോഹൻ ബാബു സമ്പാദിച്ചിട്ടില്ലെന്ന് ഞാൻ, പറയുന്നു. എനിക്കറിയാവുന്നിടത്തോളം, ഞങ്ങൾ അവരുമായി ഒരു ഭൂമി ഇടപാടും നടത്തിയിട്ടില്ല,” അദ്ദേഹം പറഞ്ഞു.
എനിക്ക് 25 വർഷമായി മോഹൻ ബാബുവിനെ അറിയാം, അദ്ദേഹത്തിന് ഞങ്ങളുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ട്. എന്റെ ഭാര്യയ്ക്കും, എന്റെ അനിയത്തിക്കും, എന്റെ അളിയനും മോഹൻ ബാബുവിനോട് വലിയ ബഹുമാനമായിരുന്നു. വ്യക്തിപരമായി ഞാനും മോഹൻ ബാബുവിനെ ബഹുമാനിക്കുന്നു. അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെടുന്നത് തെറ്റായ ആരോപണങ്ങളാണ്. സൗന്ദര്യയുടെ മരണം ഒരു അപകടം തന്നെയാണ്. അനാവശ്യമായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു “ – ജി.എസ്. രഘു പറയുന്നു.
2004 ൽ ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുന്നതിനിടെ ഹെലികോപ്റ്റർ അപകടത്തിലാണ് സൗന്ദര്യ മരിച്ചത്. സൗന്ദര്യ മരിക്കുമ്പോൾ അവർ മോഹൻ ബാബുവിന്റെ സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.