വില്ലൻ വേഷങ്ങളിലൂടെയാണ് നടൻ സോനു സൂദ് ശ്രദ്ധേനായത് . സ്ക്രീനിൽ വില്ലൻ വേഷങ്ങൾ ചെയ്യുന്നുണ്ടെങ്കിലും സ്വകാര്യ ജീവിതത്തിൽ ഏറെ മനുഷ്യസ്നേഹിയാണ് സോനു സൂദ്. കോവിഡ് കാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് ജോലിക്ക് എത്തിയ തൊഴിലാളികൾക്കും സോനു സൂദ് ഏറെ സഹായകമായിരുന്നു.
സോനു സൂദിൻ്റെ സഹായം ലഭിച്ച പലരും തങ്ങളുടെ മക്കൾക്ക് സോനു സൂദിൻ്റെ പേരിട്ടു. സോനു സൂദിന്റെ സേവനത്തെ അഭിനന്ദിച്ച് നിരവധി രാഷ്ട്രീയ നേതാക്കളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ചില സംസ്ഥാനങ്ങളിലെ ഗവർണർമാർ സോനു സൂദിനെ വിളിച്ച് ആദരിച്ചു. അമിത് ഷായും മോദിയും സോനു സൂദുമായി കൂടിക്കാഴ്ച നടത്തി. സോനു സൂദ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും അത് വെറും അഭ്യൂഹങ്ങൾ മാത്രമായി ഒതുങ്ങി.
ഇപ്പോഴിതാ, ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സോനു സൂദ് തനിക്ക് അക്കാലത്ത് ലഭിച്ച രാഷ്ട്രീയ ഓഫറുകളെ കുറിച്ച് തുറന്ന് പറഞ്ഞത്. മുഖ്യമന്ത്രി അല്ലെങ്കിൽ ഉപമുഖ്യമന്ത്രി നൽകാമെന്നായിരുന്നു ചിലരുടെ വാഗ്ദാനം. നിങ്ങൾ തിരഞ്ഞെടുപ്പിൽ പോലും നിൽക്കേണ്ടെന്നും ഞങ്ങളുടെ കൂടെ നിന്നാൽ മതിയെന്നും ചില പ്രധാന രാഷ്ട്രീയ നേതാക്കളും പറഞ്ഞു. ദേശീയ തലത്തിലുള്ള നേതാക്കളിൽ നിന്നാണ് ഈ ഓഫറുകൾ വന്നതെന്നും സോനു സൂദ് പറഞ്ഞു. അദ്ദേഹത്തെ രാജ്യസഭാംഗമാക്കാനുള്ള ഓഫർ പോലും വന്നിരുന്നു എന്നാൽ ഏത് പാർട്ടിയിൽ നിന്നാണ്, ഏത് നേതാവാണ് ഓഫർ നൽകിയതെന്ന് സോനു സൂദ് വ്യക്തമാക്കിയിട്ടില്ല.
‘രാഷ്ട്രീയം പലർക്കും അധികാരവും പണവുമാണ്. പക്ഷേ അവ രണ്ടും എനിക്ക് വിഷയമല്ല. ഞാൻ ആളുകളെ സഹായിക്കുന്നു. എനിക്ക് ആരോടും ഉത്തരം പറയേണ്ടതില്ല, അതിരുകൾ പോലുമില്ല. ഞാൻ രാഷ്ട്രീയത്തിലാണെങ്കിൽ ആർക്കെങ്കിലും ഒക്കെ ഉത്തരം പറയേണ്ടി വരും, എന്നെ നിയന്ത്രിക്കാൻ ആളുണ്ടാകും. അത് എനിക്ക് ഇഷ്ടമല്ല . അതുകൊണ്ടാണ് ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങാത്തത്. ‘- സോനു സൂദ് പറഞ്ഞു.