കൊച്ചി: മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പിൽ സാന്ദ്ര തോമസിന് തിരിച്ചടി. പ്രസിഡന്റ് സ്ഥാനത്തേക്ക് നല്കിയ പത്രിക തള്ളിയതിനെതിരെ സാന്ദ്ര നല്കിയ ഹര്‍ജി കോടതി തള്ളി. എറണാകുളം സബ് കോടതിയാണ് സാന്ദ്രയുടെ ഹര്‍ജി തള്ളിയത്.
വരണാധികാരിയുടെ നിയമനം ചോദ്യം ചെയ്തും തെരഞ്ഞെടുപ്പിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വിടരുതെന്നും ആവശ്യപ്പെട്ടും സാന്ദ്ര നൽകിയ ഇടക്കാലഹർജികളാണ് എറണാകുളം സബ് കോടതി തള്ളിയത്. എന്നാൽ നോമിനേഷൻ തള്ളിയതിനെതിരെ സാന്ദ്ര നൽകിയ ഹർജിയിൽ കോടതി വിശദമായ വാദം കേൾക്കും. എന്നാൽ ഇത് സമയം എടുക്കുമെന്നതിനാൽ നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ സാന്ദ്രയ്ക്ക് മത്സരിക്കാൻ കഴിയില്ലെന്ന് വ്യക്തമായി.
അതേസമയം തിരിച്ചടിയല്ലെന്നും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് താൻ മത്സരിക്കുമെന്നും സാന്ദ്ര പ്രതികരിച്ചു. ഹര്‍ജികള്‍ കോടതി തള്ളിയതിലൂടെ സാന്ദ്ര തോമസ് ഉന്നയിച്ച കാര്യങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് നിര്‍മ്മാതാവ് ബി രാകേഷ് പറഞ്ഞു. സംഘടനയുടെ നിയമാവലിയുമായാണ് തങ്ങള്‍ മുന്നോട്ട് പോയതെന്നാണ് ജി സുരേഷ് കുമാറിന്റെ പ്രതികരണം.

