ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി വെള്ളിത്തിരയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്. എല്ലാ പ്രധാന ആരോഗ്യ പരിശോധനകളും പൂർത്തിയായി, സ്കാൻ റിപ്പോർട്ടുകളും സാധാരണ നിലയിലായി എന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തെ ഏറെ സന്തോഷിപ്പിക്കുന്ന വാർത്തയാണിത് .
അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് നിർമ്മാതാവും മമ്മൂട്ടിയുടെ അടുത്ത സഹായിയുമായ എസ് ജോർജ് ഫേസ്ബുക്കിൽ കുറിപ്പ് പങ്ക് വച്ചിരുന്നു. ‘ നിറഞ്ഞ കണ്ണുകളോടെ, സന്തോഷത്തോടെ ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചവർക്കും. നന്ദി,” ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. മലയാളികൾ കാത്തിരുന്ന നിമിഷം വന്നെത്തിയിരിക്കുന്നുവെന്നാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള പിആർഒ റോബർട്ട് കുര്യാക്കോസ് പറഞ്ഞത്.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഡോക്ടർമാരുടെ ഉപദേശപ്രകാരം മമ്മൂട്ടി സിനിമകളിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്തിരുന്നു . കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മമ്മൂട്ടിയുടെ അനന്തരവൻ അഷ്കർ മെഗാസ്റ്റാറിന്റെ ജന്മദിനമായ സെപ്റ്റംബർ 7 ന് ഒരു വലിയ സർപ്രൈസ് ഉണ്ടാകുമെന്ന് സൂചന നൽകിയിരുന്നു.

