തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥയെ ആസ്പദമാക്കി പാൻ ഇന്ത്യൻ സിനിമ ഒരുങ്ങുന്നു. ‘മാ വന്ദേ’ എന്ന ചിത്രത്തിൽ നടൻ ഉണ്ണി മുകുന്ദനാണ് മോദിയായി എത്തുക.മലയാളം, ഹിന്ദി എന്നിവയുൾപ്പെടെ ഏഴ് ഭാഷകളിലായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും താരം പുറത്തിറക്കി.
സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി എം നിർമിക്കുന്ന ഈ ചിത്രം, നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ക്രാന്തി കുമാർ സി. എച് രചനയും സംവിധാനവും നിർവഹിക്കുന്നു.
കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ഉയർച്ചയാണ് ചിത്രത്തിന്റെ പ്രമേയം.മോദിയ്ക്ക് അമ്മ ഹീരാബെൻ മോദിയുമായുള്ള ആഴത്തിലുള്ള ബന്ധമായിരിക്കും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.
അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക വിഎഫ്എക്സ് സാങ്കേതിക വിദ്യയും രാജ്യത്തെ മികച്ച ടെക്നീഷ്യൻമാരുടെയും സഹകരണവുമുപയോഗിച്ചാണ് ചിത്രം ഒരുക്കുന്നത്. പാൻ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം പുറത്തിറക്കും. പ്രചോദനാത്മകമായ ഈ ജീവചരിത്രത്തിലൂടെ പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു സിനിമാനുഭവം നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സിൽവർ കാസ്റ്റ് ക്രിയേഷൻസ് അറിയിച്ചു.
‘അഹമ്മദാബാദിൽ വളർന്ന ഞാൻ ആദ്യമായി അദ്ദേഹത്തെ എന്റെ കുട്ടിക്കാലത്ത് മുഖ്യമന്ത്രിയായാണ് അറിയുന്നത്. വർഷങ്ങൾക്ക് ശേഷം, 2023 ഏപ്രിലിൽ, അദ്ദേഹത്തെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു, എന്നിൽ മായാത്ത മുദ്ര പതിപ്പിച്ച ആ നിമിഷം. ഒരു നടൻ എന്ന നിലയിൽ, ഈ വേഷത്തിലേക്ക് കടക്കുന്നത് അതിശക്തവും ആഴത്തിൽ പ്രചോദനം നൽകുന്നതുമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര അസാധാരണമായിരുന്നു, എന്നാൽ ഈ സിനിമയിൽ, രാഷ്ട്രതന്ത്രജ്ഞന് അപ്പുറമുള്ള മനുഷ്യനെ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സ്വഭാവത്തെയും ആത്മാവിനെയും രൂപപ്പെടുത്തിയ അമ്മയുമായുള്ള അദ്ദേഹത്തിന്റെ അഗാധമായ ബന്ധത്തെ എടുത്തു കാട്ടാൻ ഞങ്ങൾ ലക്ഷ്യമിടുന്നു,’ ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

